മലയാളത്തിൽ ഏറെ വിജയം നേടിയ ദിലീഷ് പോത്തൻ ചിത്രം ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’. വെങ്കിടേഷ് മഹ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യദേവ് ആണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. അണിയറപ്രവർത്തകർ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവരുന്നത്.
‘മഹേഷിന്റെ പ്രതികാര’ത്തിലെ സീനുകളോടും റിയലിസ്റ്റിക് സ്വഭാവത്തോടും ഏറെ സാമ്യം പുലർത്തിയാണ് വെങ്കിടേഷ് മഹ ചിത്രം ഒരുക്കിയത് എന്ന സൂചനകളാണ് ടീസർ സമ്മാനിക്കുന്നത്. സത്യദേവിന്റെ ലുക്കിലും മീശയിലും മാനറിസങ്ങളിലും കോസ്റ്റ്യൂമിലും വരെ ഒരു ഫഹദ് റഫറൻസ് വ്യക്തമായി കാണാം. ഫഹദിനു പഠിക്കുവാണോ സത്യദേവ് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
‘മഹേഷിന്റെ പ്രതികാര’ത്തിലെ മരണവീട്ടിൽ വെച്ചുള്ള പ്രണയരംഗങ്ങൾ ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’യുടെ ടീസറിലും കാണാം. നടൻ രാഘവനാണ് ചിത്രത്തിൽ സത്യദേവിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവ്വഹിക്കുന്നു. ബാഹുബലി നിര്‍മിച്ച അര്‍ക മീഡിയ വര്‍ക്ക്സാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഏപ്രില്‍ 17 നാണ് ചിത്രത്തിന്റെ റിലീസ്.