ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ ചിത്രം ‘ഉൾട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ, കാര്യങ്ങൾ തലതിരിഞ്ഞ് നടക്കുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. അനുശ്രീയും പ്രയാഗ മാർട്ടിനുമാണ് ചിത്രത്തിലെ നായികമാർ.
രമേശ് പിഷാരടി, രൺജി പണിക്കർ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഡാനിയേൽ ബാലാജി, ശാന്തികൃഷ്ണ, കെപിഎസി ലളിത, മഞ്ജു മറിമായം, തെസ്നി ഖാൻ, ആര്യ, സുരഭി എന്നിവരും ചിത്രത്തിലുണ്ട്. സിപ്പി ക്രിയേറ്റീവ് വർക്സിന്റെ ബാനറിൽ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിർമിക്കുന്നത്.
‘ദീപസ്തംഭം മഹാശ്ചര്യം’, ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’, ‘അച്ഛനെയാണെനിക്കിഷ്ടം’ തുടങ്ങിയ ഹിറ്റുകളൊരുക്കിയ പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉൾട്ട’. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗും ഇന്ദുലാൽ കാവീട് കലാസംവിധാനവും ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. സുപ്രീം സുന്ദറാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യംചെയ്യുന്നത്. നൃത്ത സംവിധായകൻ ദിനേഷ് കുമാർ. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ. ഗോപി സുന്ദറിനോടൊപ്പം സുദർശൻ എന്ന പുതുമുഖ സംഗീത സംവിധായകൻ കൂടി ‘ഉൾട്ട’യ്ക്ക് വേണ്ടി പാട്ടൊരുക്കുന്നുണ്ട്.
‘സായാഹ്നവാർത്തകൾ’ ആണ് അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ഗോകുൽ സുരേഷ് ചിത്രം. ഗോകുൽ സുരേഷിനൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ നായകനായെത്തുന്നുണ്ട്. അജു വർഗ്ഗീസും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സറ്റയർ സ്വഭാവമുളള ചിത്രത്തിന്റെ ടീസർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഫോട്ടോഗ്രാഫറായ അരുൺ ചന്തു ആണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖമായ ശരണ്യ ശർമയാണ് നായിക. ഡി.14 എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സച്ചിൻ ഒരുക്കിയിരിക്കുന്നു. സംഗീതം പ്രശാന്ത് പിള്ളയും ഛായാഗ്രഹണം രാഹുൽ ബാലചന്ദ്രനും എഡിറ്റിങ് അമൽ അയ്യപ്പനും നിർവ്വഹിച്ചിരിക്കുന്നു.
Read more: കേന്ദ്ര സർക്കാർ പദ്ധതിയെ ട്രോളി ‘സായാഹ്നവാർത്ത’യുടെ ടീസർ
സായാഹ്നവാർത്ത’കളിലെ ഗോകുൽ സുരേഷിന്റെ വേറിട്ട ഗെറ്റപ്പും ചിത്രങ്ങളും മുൻപു തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്തായാലും, താരപുത്രന്മാരായ ഗോകുലും ധ്യാനും കൈകോർക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
‘സൂത്രക്കാരൻ’ ആയിരുന്നു ഗോകുൽ സുരേഷ് നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത ‘ഇളയരാജ’യിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ഗോകുൽ അവതരിപ്പിച്ചിരുന്നു.
Read more: ഈ നാട്ടിലെ പൊളിറ്റിക്‌സ് എനിക്കിഷ്ടമല്ല: ഗോകുൽ സുരേഷ്