ഇന്ത്യയില്‍ മരിജ്വാന നിയമവിധേയമാക്കണമെന്ന് ബോളിവുഡ് താരം. നടനും നിര്‍മ്മാതാവും തിര്‍ക്കതാകൃത്തുമായ ഉദയ് ചോപ്ര ഈ വിവാദ അഭിപ്രായവുമായി രംഗത്ത്‌ വന്നിരിക്കുന്നത് കഞ്ചാവ് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്, അതിന്റെ ഉപയോഗം നിയമവിധേയമാക്കിയാല്‍ അതിനു നികുതി കിട്ടുന്നതിലൂടെ വലിയ വരുമാന ശ്രോതസ്സാകും, അതുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നിലവിലുള്ള ക്രിമിനല്‍ അംശങ്ങള്‍ മാറിക്കിട്ടും, പോരാത്തതിന് കഞ്ചാവിനു ധാരാളം ഔഷധഗുണങ്ങള്‍ ഉണ്ട് എന്നും ഉദയ് ചോപ്ര ട്വിറ്റെറില്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ല എന്നും കഞ്ചാവുമായി ബന്ധപ്പെട്ട നമ്മുടെ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ഒരു നടപടിയെടുക്കുന്നതില്‍ തെറ്റില്ല എന്നും ഉദയ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഉദയ് ചോപ്രയുടെ ഈ പ്രസ്താവനയോട് യോജിച്ചും വിജോയിച്ചും കളിയാക്കിയും പലരും രംഗത്ത്‌ വന്നു. അതിടൊപ്പം തന്നെ, മരിജ്വാന കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണ് എന്ന് ചൂണ്ടിക്കാണിച്ചു മുംബൈ പോലീസും ട്വിറ്റെറില്‍ ഉദയ് ചോപ്രയ്ക്ക് മറുപടിയുമായി എത്തി.

Read in English: Uday Chopra: India should legalise marijuana

“ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പൊതുവേദികളില്‍ അഭിപ്രായം വെളിപ്പെടുത്താനുള്ള അവകാശം താങ്കള്‍ക്കുണ്ട്. എന്നാല്‍ നിലവിലത്തെ അവസ്ഥയില്‍, 1985 പ്രകാരമുള്ള നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ്‌ സൈക്കോട്രോപ്പിക്ക് സബ്സ്ടന്‍സ് ആക്ട്‌ അനുസരിച്ച്, കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണ് എന്നുള്ളത് താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു”, ഉദയ് ചോപ്രയ്ക്ക് മറുപടിയായി മുംബൈ പോലീസ് ട്വിറ്റെറില്‍ പറഞ്ഞു.

45 കാരനായ ഉദയ് ചോപ്ര, വിഖ്യാത നിര്‍മ്മാതാവ് യാഷ് ചോപ്രയുടെ മകനാണ്.  ഷാരൂഖ് ഖാന്‍ നായകനായ ‘മൊഹബ്ബത്തെന്‍’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത്‌ വന്ന ഉദയ് ‘മേരീ യാര്‍ കീ ശാദി ഹേന്‍’, ‘മുജ്ഹ്സേ ദോസ്തി കരോഗെ’, ‘ധൂം’, ‘നീല്‍ ആന്‍ഡ്‌ നിക്കി’, ‘പ്യാര്‍ ഇംപോസിബിള്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിടുണ്ട്.  അഭിനേത്രി റാണി മുഖര്‍ജീ വിവാഹം കഴിച്ച നിര്‍മാതാവ് ആദിത്യ ചോപ്ര ഉദയ് ചോപ്രയുടെ സഹോദരനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook