‘ഗുളികൻ’ എന്ന ട്രൈബൽ ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘ഉടലാഴം’. കഴിഞ്ഞ വർഷം കേരള രാജ്യാന്തര ചലച്ചിത്രമേള, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെല്ലാം മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ഡിസംബർ ആറിന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
ഗുളികൻ’ എന്ന ആദിവാസി ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥയാണ് ‘ഉടലാഴം’. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’, വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ പ്രമേയം. ‘ഗുളികനി’ലൂടെ ശരീരത്തിന്റെ രാഷ്ട്രീയവും സമൂഹം ശരീരമെന്ന സങ്കൽപ്പത്തിനു കൽപ്പിച്ച അളവുകോലുകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
“‘ഉടലാഴ’ത്തിന്റെ പ്രമേയത്തെ രണ്ട് രീതിയിൽ പറയാം. പതിനാലാം വയസ്സിൽ വിവാഹിതനായ ഒരു ആദിവാസി ട്രാൻസ്ജെന്ററുടെ ജീവിതനെട്ടോട്ടങ്ങൾ. ഒപ്പം, മുഖ്യധാരാ സമൂഹം ശരീരവുമായി ബന്ധപ്പെട്ട് സൂക്ഷിക്കുന്ന സൗന്ദര്യത്തിന്റെ ചില അളവുകോലുകളും ശരീരത്തിന്റെ ആ അളവ് തെറ്റിപ്പോയ മനുഷ്യരെ എങ്ങനെയാണ് സമൂഹം ഒറ്റപ്പെടുത്തുന്നത് എന്നതും ‘ഉടലാഴ’ത്തിൽ പ്രമേയമായി വരുന്നുണ്ട്. ഒരാളുടെ ശരീരം, ഒരേ സമയം അയാളുടെ ഐഡന്റിറ്റിയും കെണിയുമായി മാറുന്ന ഒരു ഐറണിയുണ്ട്, അതാണ് ‘ഉടലാഴ’ത്തിൽ കാണാനാവുക. ‘ഞാൻ’ എന്നു പറഞ്ഞാൽ എന്റെ ശരീരം മാത്രമാണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം തേടൽ കൂടിയാണ് ഈ ചിത്രം,” നവാഗതസംവിധായകനായ ഉണ്ണികൃഷ്ണൻ ആവള ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറയുന്നു.
Read more: ‘ഞാൻ’ എന്നത് ശരീരം മാത്രമാണോ?: ‘ഉടലാഴം’ സംവിധായകന്‍ സംസാരിക്കുന്നു
‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയ മണിയാണ് ചിത്രത്തിൽ ‘ഗുളികൻ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
“സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന മുഖം മണിയുടേതായിരുന്നു. മണിയെ അന്വേഷിച്ച് കണ്ടെത്താനും നേരിട്ട് സംസാരിക്കാനുമൊക്കെ ആദ്യം കുറച്ച് ബുദ്ധിമുട്ടി. മണി, ആദ്യം അടുക്കാൻ തയ്യാറായിരുന്നില്ല. ഒരു പകലു മുഴുവൻ സംസാരിച്ചതിനു ശേഷമാണ് അടുപ്പത്തോടെ പെരുമാറി തുടങ്ങിയത്. പിന്നീട് ആറു മാസം മണി എനിക്കൊപ്പം തന്നെയുണ്ടായിരുന്നു, ഞങ്ങളുടെ വീട്ടിലൊരാളെ പോലെ,” ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
Read more: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍
“ഉടലാഴം എന്ന സിനിമയെക്കുറിച്ച് പറയാന്‍ ഉണ്ണ്യേട്ടന്‍ (ഉണ്ണികൃഷ്ണന്‍ ആവള) വിളിക്കുമ്പോള്‍ ഞാന്‍ കര്‍ണാടകയിലായിരുന്നു. കുറേ പേര്‍ മുൻപ് പറഞ്ഞ് പറ്റിച്ച അനുഭവം ഉള്ളതോണ്ട് ഞാന്‍ പറഞ്ഞു ‘വേണ്ട ഉണ്ണ്യേട്ട, ഞാനില്ല. അത് ശരിയാവൂല’ എന്ന്. പിന്നെ ഉണ്ണ്യേട്ടന്‍ എന്നെ കാണാന്‍ വന്നു. സിനിമയെക്കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ ഷൂട്ട് തുടങ്ങണംന്ന് പറഞ്ഞു. അപ്പോ ആയിക്കോട്ടേന്ന് ഞാനും പറഞ്ഞു. നായകനാന്നൊന്നും എനിക്കറിയില്ലായിരുന്നു. പിന്നെ ഉണ്ണ്യേട്ടന്‍ എന്നെ വീട്ടിലേക്ക് കൊണ്ടോയി. നിലമ്പൂരായിരുന്നു. ‘ഉടലാഴ’ത്തിന്‍റെ ഷൂട്ടിനിടയിലും വീട്ടുകാരെ കാണാന്‍ തോന്നുമ്പോ ഞാന്‍ വരും. ഭാര്യേം മക്കളും ഉണ്ട്. അവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പവിഴം എന്നാണ് ഭാര്യയുടെ പേര്. മൂന്നു വര്‍ഷത്തോളമായി ഈ സിനിമയ്ക്ക് വേണ്ടി ഇവര്‍ടെ കൂടെ കൂടിയിട്ട്. രണ്ടാമതായി ക്യാമറയ്ക്ക് മുന്നില്‍ നിക്കുമ്പോ നല്ല ചമ്മലായിരുന്നു. പിന്നെ പത്‌ക്കെ ശരിയായി വന്നു.”” ഉടലാഴം എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് മണി പറയുന്നതിങ്ങനെ.

രമ്യ വൽസലയും അനുമോളുമാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, പണിയ ഭാഷകള്‍ ഉപോഗിച്ചിട്ടുള്ള ചിത്രത്തില്‍ അബു വലയംകുളം, രാജീവ് വേലൂര്‍, സജിതാ മഠത്തില്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍, വെട്ടിലക്കൊള്ളി മതി, നിലമ്പൂര്‍ ആയിഷ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഉണ്ണികൃഷ്ണന്‍ ആവള തന്നെ. എ മുഹമ്മദ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും സിതാര കൃഷ്ണകുമാർ, മിതുന്‍ ജയരാജ്, ബിജിബാല്‍ എന്നിവർ ചേർന്ന് സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ രംഗനാഥ് രവിയാണ്.
“ഗുളികന്റെ ഭാര്യയായ മാതി എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗുളികന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ്. വളരെ ചെറുപ്പത്തിലേ വിവാഹിതരായ മാതിയും ഗുളികനും അവരുടെ 20-30 ഇടയിലുള്ള പ്രായത്തിലാണ് ജീവിക്കുന്നത്. ഗുളികന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മൂലം ഇരുവരും അതിഭീകരമായ സ്വത്വ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത്തരം ഒരു അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല, ആ കഥാപാത്രമായി മാറാന്‍ എനിക്ക് ഒരുപാട് അഭിനയിക്കേണ്ടി വന്നില്ല. മാതിയെ മനസിലാക്കാനും അവളോട് ചേര്‍ന്ന് നില്‍ക്കാനും സാധിച്ചത് എന്റെ ജീവിതാനുഭവങ്ങള്‍ കൊണ്ടാണ്,” ‘ഉടലാഴ’ത്തിലെ മാതി എന്ന കഥാപാത്രത്തെ കുറിച്ച് രമ്യ വത്സല പറഞ്ഞു.
Read more: സ്വപ്നങ്ങളുടെ പുറകേ പോകുന്ന പെണ്‍കുട്ടി: രമ്യ വത്സല സംസാരിക്കുന്നു
“ആദിമജനവാസികളുടെ അരികു ജീവിതത്തെ, അവരുടെ സംഘർഷത്തെ ആഖ്യാനം ചെയ്യാൻ ശ്രമിക്കുന്നു എന്നത് ചിത്രത്തിന്റെ ശക്തിയാണ്. ആദിമനിവാസിയായ ഗുളികൻ എന്ന ട്രാൻസ്ജെന്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പരിവർത്തനത്തെ (പെണ്ണായിത്തീരൽ), അതുമൂലം അവൻ/അവൾ അനുഭവിക്കുന്ന കീഴാളത്തത്തെയാണ് സിനിമ പ്രശ്നവത്ക്കരിക്കുന്നത്. മാതിയെന്ന, ചെറുപ്പത്തിലേ കൂട്ടിനെത്തിയ ഇണയോട് ഒരർത്ഥത്തിലും നീതി പുലർത്താനാവാതെ, പെണ്ണാവാൻ കൊതിച്ച് അതിനായി തയ്യാറെടുക്കുന്ന ഗുളികൻ തന്റെ ഉടലിന്റെ ദാഹങ്ങളെ ഡാൻസ് ടീച്ചറോട് പങ്കു വയ്ക്കുന്നുണ്ട്. അവന്/അവൾക്ക് നാട്ടിലെ ആണുങ്ങളിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് തേങ്ങലോടെ മാതിയോടു പറയുന്ന രംഗം മലയാള സിനിമയിൽ അപൂർവം തന്നെയാണ്,” നിരൂപകനായ ഡോ. സഞ്ജയ് ചിത്രത്തെ കുറിച്ച് പറയുന്നു.
Read more: വിപരീതങ്ങളുടെ ഉടലാഴങ്ങൾ