സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’, മിഥുൻ രമേശും ഹോളിവുഡിലെ സൂപ്പർ ഡോഗും കേന്ദ്രകഥാപാത്രമായെത്തുന്ന ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’, ഗോകുൽ സുരേഷ് നായകനാവുന്ന ‘ഉൾട്ട’ എന്നീ ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക്…
ചലച്ചിത്രമേളകളിൽ തിളങ്ങിയതിനു ശേഷമാണ് ‘ചോല’യും ‘ഉടലാഴ’വും തിയേറ്റർ റിലീസിനൊരുങ്ങുന്നത്. മുംബൈ മാമി ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറായി പ്രദർശിപ്പിക്കപ്പെട്ട ‘ഉടലാഴം’ 2018 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നിമിഷ സജയന് നേടി കൊടുത്ത ചിത്രമാണ് ‘ചോല’. മികച്ച സ്വഭാവനടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും ‘ജോസഫി’നൊപ്പം തന്നെ ‘ചോല’യിലെ കൂടെ അഭിനയം കണക്കിലെടുത്തായിരുന്നു. ‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം സനൽകുമാർ ശശിധരനെയും തേടിയെത്തിയിരുന്നു. ഒപ്പം ‘ചോല’യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു.
ഉടലാഴം
ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവർ ചേർന്നാണ് ‘ഉടലാഴം’ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ ആവളയാണ്. എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിപാലും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിർവ്വഹിച്ചു.
Read more: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍
മോഹൻലാലിന്റെ ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ‘ഗുളികൻ’ എന്ന ആദിവാസി ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ‘ഉടലാഴം’. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’, വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്.
രമ്യ വൽസലയും അനുമോളുമാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, പണിയ ഭാഷകള്‍ ഉപോഗിച്ചിട്ടുള്ള ചിത്രത്തില്‍ അബു വലയംകുളം, രാജീവ് വേലൂര്‍, ജോയ് മാത്യു, വെട്ടിലക്കൊള്ളി മതി, നിലമ്പൂര്‍ ആയിഷ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
Read More: ‘ഞാൻ’ എന്നത് ശരീരം മാത്രമാണോ?: ‘ഉടലാഴം’ സംവിധായകന്‍ സംസാരിക്കുന്നു
ചോല
നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവർക്കൊപ്പം പുതുമുഖതാരമായ അഖിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ചോല ‘. ചിത്രത്തിൽ രണ്ടുമൂന്നു ഗെറ്റപ്പുകളിലാണ് നിമിഷ എത്തുന്നത്. ജാനു എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാളചലച്ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് സെപ്റ്റംബറിൽ വെനീസ് ചലച്ചിത്ര മേളയിൽ നടന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമായ ‘ഒറിസോണ്ടി’ വിഭാഗത്തിലാണ് ‘ചോല’ പ്രദർശിപ്പിച്ചത്.
Read more: വെനീസിലെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് ജോജു
ജിമ്മി ഈ വീടിന്റെ ഐശ്വര്യം
മിഥുൻ രമേശും ഹോളിവുഡിലെ സൂപ്പർ ഡോഗും കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ജിമ്മിയെന്ന ബിസിനസ്സുകാരന്റെ ജീവിതത്തിൽ ജിമ്മി എന്ന നായക്കുട്ടി വരുത്തിത്തീർക്കുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.
നവാഗതനായ രാജു ചന്ദ്രയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് . ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് എന്നിവർ ചേർന്നാണ് നിർമാണം.
പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. അതു മാത്രമല്ല പ്രത്യേകത, സംവിധായകനും നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനുമടക്കം എല്ലാവരും പ്രവാസി മലയാളികൾ ആണെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സിനിമയിൽ അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.
മിഥുൻ രമേശ്, ദിവ്യ പിള്ളൈ, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, അഷ്‌റഫ് പിലാക്കൽ, നിഷ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ സംഗീതം എം ജയചന്ദ്രനും ഛായാഗ്രഹണം അനിൽ ഈശ്വറും എഡിറ്റിംഗ് സുനിൽ എസ് പിള്ളയും പശ്ചാത്തല സംഗീതം അരുൺ മുരളീധരനും നിർവ്വഹിച്ചിരിക്കുന്നു. അനൂപ് മോഹന്റെയാണ് കഥ.
ഉൾട്ട
ഗോകുൽ സുരേഷ് നായകനാവുന്ന ‘ഉൾട്ട’യിൽ പ്രയാഗ മാർട്ടിനാണ് നായിക. . ‘ദീപസ്തംഭം മഹാശ്ചര്യം’, ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’, ‘അച്ഛനെയാണെനിക്കിഷ്ടം’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധായകനാവുന്ന ചിത്രമാണ് ‘ഉൾട്ട’. സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമിക്കുന്നത്. ഗോകുലിനെയും പ്രയാഗയേയും കൂടാതെ അനുശ്രീയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണൻകുട്ടി, തെസ്നിഖാൻ, ആര്യ, മഞ്ജു സുനിച്ചൻ, കോട്ടയം പ്രദീപ്,ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ്, സുബീഷ് സുധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
Read more: ഹോളിവുഡിലെ സൂപ്പർ ഡോഗ് മലയാള സിനിമയിൽ നായകനാവുന്നു