ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മലയാളസിനിമകളുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയായി. മത്സരവിഭാഗത്തിലേക്ക് സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’, പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്ത കൂടിയാട്ടം കലാകാരി കപിലാ വേണുവിന്റെ ജീവിതവും കലയും ആസ്പദമാക്കി ഒരുക്കിയ ‘കപില’ എന്ന ദേശീയ പുരസ്കാരം നേടിയ ഡോക്യുമെന്ററിയുടെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് ‘ഏദന്‍’. എസ് ഹരീഷിന്റെ ‘ആദം’ ഉള്‍പ്പെടെ മൂന്നു കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ഏദന്‍’ തീര്‍ത്തും പുതുമുഖങ്ങളുടെ സിനിമയാണ്. അഭിലാഷ് നായരാണ് ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മുഴുനീള കഥാപാത്രമായ നീതുവായി എത്തുന്നത് നന്ദിനി ശ്രീയും. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് താനിപ്പോള്‍ കടന്നു പോകുന്നതെന്ന് സഞ്ജു.

Sanju Surendran, Aeden

ഏദൻ ലൊക്കേഷൻ ചിത്രം

“സിനിമ സംഭവിക്കുകയാണ്. നാളെ ഞാനൊരു സിനിമ ചെയ്യും അതിങ്ങനെ ആയിരിക്കും എന്നു പറയാന്‍ സാധിക്കില്ല. അതു പോലെയാണ് സിനിമ ചെയ്തതിനു ശേഷമുള്ള കാര്യങ്ങളും. ഐഎഫ്എഫ്‌കെ പോലൊരു ചലച്ചിത്ര മേളയിലേക്ക് ഏദന്‍ തിരഞ്ഞെടുക്കപ്പെടുന്നത് അപ്രതീക്ഷിതവും അത്യധികം സന്തോഷമുള്ള കാര്യമാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. ഐഎഫ്എഫ്‌കെയ്ക്കു ശേഷമേ ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യൂ.”

പരസ്യ മേഖലയിൽ നിന്നാണ് പ്രേംശങ്കർ സിനിമയിലേക്ക് ചുവടുമാറ്റം നടത്തുന്നത്. ‘രണ്ടുപേർ’ എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് ജെൻഡർ പൊളിറ്റിക്സാണ്. നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കഥ നടക്കുന്നത്. രണ്ടു പേർ തമ്മിലുള്ള സംഭാഷണമാണ് ചിത്രം. ബെംഗളൂരുവിലായിരുന്നു ചിത്രീകരണമെങ്കിലും സിനിമയിലെവിടേയും അത് മനസിലാകുന്ന തരത്തിൽ ഒരു സൂചനയും നൽകുന്നില്ല. ബേസിലും ശാന്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലെൻസിയർ, സുനിൽ സുഗതൻ എന്നിവരും ചിത്രത്തിലെ വന്നു പോകുന്ന കഥാപാത്രങ്ങളാണ്.

randu per , film, prem shankar

‘രണ്ടുപേരി’ൽ നിന്നൊരു രംഗം

ഒരു സിനിമ എടുക്കുന്നതിനെക്കാൾ പ്രയാസമാണ് അത് പ്രേക്ഷരിൽ എത്തിക്കുക എന്നാണ് പ്രേംശങ്കർ പറയുന്നത്. ചലച്ചിത്രമേളകൾ ഇത്തരം കൊച്ചു സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അതൊരു വലിയ പ്രോത്സാഹനമാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ മഹേഷ് നാരായണന്‍ സംവിധാനംചെയ്ത ‘ടേക്ക് ഓഫ്’, ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, സലിംകുമാര്‍ സംവിധാനംചെയ്ത ‘കറുത്ത ജൂതന്‍’, സനല്‍കുമാര്‍ ശശിധരന്റെ ‘സെക്സി ദുര്‍ഗ’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനംചെയ്ത ‘മറവി’, പ്രശാന്ത് വിജയ് സംവിധാനംചെയ്ത ‘അതിശയങ്ങളുടെ വേനല്‍’ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, തിരഞ്ഞെടുത്ത സിനിമകളുടെ പട്ടിക പുറത്തു വന്ന ഉടനെ തന്റെ ചിത്രമായ ‘സെക്സി ദുർഗ’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും ചിത്രം മേളയിൽ നിന്നും പിൻവലിക്കുകയാണെന്നും പറഞ്ഞുകൊണ്ട് സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നു.

Read More: ‘അഹങ്കാരമെന്ന് വിളിച്ചോളു, സെക്സി ദുര്‍ഗ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കില്ല’; സനല്‍കുമാര്‍ ശശിധരന്‍

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ചെയര്‍മാനും ചെലവൂര്‍ വേണു, എം.ജി.ശശി, ജുദാജിത്ത് സര്‍ക്കാര്‍, വീണാഹരിഹരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook