നടൻ കിഷോർ കുമാറിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ‘കാന്താര’ താരത്തിന്റെ അക്കൗണ്ട് നീക്കം ചെയ്തത് എന്നാണ് റിപ്പോർട്ട്.
“അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നു. ട്വിറ്റർ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്യുന്നു,” എന്ന സന്ദേശമാണ് ട്വിറ്ററിൽ നടന്റെ ഹാൻഡിൽ തിരയുമ്പോൾ ലഭിക്കുക. എപ്പോഴാണ് അക്കൗണ്ട് നീക്കം ചെയ്തതെന്നോ കിഷോറിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യാനുള്ള കാരണമെന്തെന്നോ വ്യക്തമല്ല.

‘ഷീ, ദി ഫാമിലി മാൻ സീസൺ വൺ തുടങ്ങിയ വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ കിഷോറിന്റെ ‘@actorkishore’ എന്ന ഹാൻഡിൽ ട്വിറ്ററിൽ ഏറെ സജീവമായിരുന്നു. ഒപ്പം, ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ് കിഷോർ. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ന്യൂസ് ബ്രോഡ്കാസ്റ്ററായ എൻഡിടിവിയുടെ പൂർണ്ണ നിയന്ത്രണം അദാനി ഗ്രൂപ്പിന് ലഭിച്ചതിനെ ‘ഡിസംബർ 30- സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും ‘കറുത്ത ദിനം’ എന്ന് കിഷോർ വിശേഷിപ്പിച്ചിരുന്നു.
പോയവർഷം ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയ കന്നഡ ചിത്രം ‘കാന്താര’യിലെ കിഷോറിന്റെ ഫോറസ്റ്റ് ഓഫീസർ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളികൾക്കും ഏറെ പരിചിതനാണ് കിഷോർ. പുലിമുരുകൻ, മിഖായേൽ, തിരുവമ്പാടി തമ്പാൻ തുടങ്ങിയ മലയാളചിത്രങ്ങളിൽ കിഷോർ അഭിനയിച്ചിട്ടുണ്ട്.