ആദ്യത്തെ ജോലി, ആദ്യ ശബളം ഇതൊക്കെ ഏതു വ്യക്തിയെ സംബന്ധിച്ചും എപ്പോഴും ഓർക്കുന്ന ഒന്നാണ്. തന്റെ ആദ്യത്തെ ജോലിയെ കുറിച്ച് സംസാരിക്കുകയാണ് താരദമ്പതികളായി രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകളും ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന. ‘ദ ഐക്കൺസി’ന്റ പുതിയ എപ്പിസോഡിൽ ജോണി ലിവറുമായുള്ള സംഭാഷണത്തിനിടയിലാണ് ട്വിങ്കിൾ ഇക്കാര്യങ്ങൾ ഓർത്തെടുത്തത്. ആദ്യ ജോലി ബോളിവുഡിന്റെ ഗ്ലാമർ ലോകത്തുനിന്നും തീർത്തും വ്യത്യസ്തമായ ഒന്നായിരുന്നെന്നും ട്വിങ്കിൾ പറഞ്ഞു.
“എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. എന്റെ മുത്തശ്ശിയുടെ സഹോദരിക്ക് ഒരു മത്സ്യ കമ്പനി ഉണ്ടായിരുന്നു. അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി. ഇത് ഞാൻ ആരോടെങ്കിലും പറയുമ്പോൾ അവർ ചോദിക്കും, നിങ്ങൾ ഒരു ഫിഷർ വുമൺ ആയിരുന്നോ? എന്ന്,” ട്വിങ്കിൾ പറഞ്ഞു.
ട്വിങ്കിൾ തന്റെ കഥ പങ്കുവച്ചപ്പോൾ ധാരാവിയിലെ ചേരികളിൽ വളർന്ന തന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമകൾ ജോണി ലിവറും പങ്കിട്ടു. ‘ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്, അച്ഛൻ മദ്യപാനിയായതിനാൽ വീട്ടുചെലവിനുള്ള പണം അമ്മാവനോട് ചോദിക്കേണ്ടിവരുമായിരുന്നു’ എന്നാണ് ജോണി പങ്കുവച്ചത്.
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ താൻ മദ്യവിൽപ്പനശാലയിൽ ജോലി ചെയ്യാൻ തുടങ്ങിയെന്നും അതിനാൽ വീട്ടുകാര്യങ്ങളിൽ സഹായിക്കാനായി എന്നും ജോണി ലിവർ പറഞ്ഞു. “ഞങ്ങൾ ചേരിയിലായിരുന്നു താമസിച്ചിരുന്നത്, ഞാൻ സ്കൂൾ കഴിഞ്ഞുവന്നാൽ മദ്യശാലയിൽ ജോലി ചെയ്യുമായിരുന്നു. ഞാൻ സമ്പാദിച്ച പണം വീട്ടുചെലവിനായി നൽകും, കൂടാതെ എനിക്ക് വേണ്ടിയും ഞാൻ എന്തെങ്കിലും സമ്പാദിക്കുമായിരുന്നു. ”

“എന്റെ ആദ്യ ശമ്പളം 17-ാം വയസ്സിലായിരുന്നു, വളരെ ചെറിയ തുകയായിരുന്നു അത്. ലഡു വാങ്ങാൻ മാത്രമേ അതു തികയുമായിരുന്നുള്ളൂ. എന്നാൽ പിന്നീട് എനിക്ക് ലഭിച്ച ആദ്യത്തെ ചെക്ക്, ഒരു സിൽവർ ഓപൽ കാർ വാങ്ങാനായി ഞാൻ മാറ്റിവച്ചു. ആ കമ്പനി നിർമാണം നിർത്തി, ഇനിയവർ ആ കാർ ഉണ്ടാക്കുമോ എന്ന് പോലും എനിക്കറിയില്ല. എന്നാൽ അക്കാലത്ത് ഒപെൽ അസ്ട്രാസ് വലിയ സംഭവമായിരുന്നു. അതിന്റെ ബാക്കി തുക അടയ്ക്കാൻ അന്നെനിക്ക് ഇഎംഐ വേണ്ടിവന്നു,” എന്ന് മറ്റൊരു അവസരത്തിൽ ട്വിങ്കിൾ ഖന്ന പറഞ്ഞിരുന്നു.
2001 ലാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷ്ണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.


വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുന്ന ട്വിങ്കള്‍ എഴുത്തുകാരി, നിര്‍മാതാവ് എന്നീ നിലകളിലും പിൽക്കാലത്ത് പ്രശസ്തയായിരുന്നു. താങ്ക്യൂ, കില്ലാഡി 786, 72 മൈൽസ്, പാഡ് മാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണപങ്കാളിയാണ് ട്വിങ്കിൾ. മിസിസ് ഫണ്ണിബോൺസ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്, ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയാണ് ട്വിങ്കിളിന്റെ മറ്റ് പുസ്തകങ്ങൾ.