ബോളിവുഡ് താരം അക്ഷയ് കുമാറും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും വിവാഹത്തിന്റെ 22-ാം വാർഷികം ആഘോഷിക്കുകയാണ്. അക്ഷയ് കുമാറുമായുള്ള ദാമ്പത്യത്തെ കുറിച്ച് ട്വിങ്കിൾ ഖന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിരസത മൂലമാണ് അക്ഷയ് കുമാറുമായുള്ള ബന്ധം ആരംഭിച്ചതെന്നാണ് ട്വിങ്കിൾ പറയുന്നത്.
“സ്‌മാർട്ട്‌ഫോണുകളുടെ വരവിന് മുമ്പ് എനിക്ക് വിരസത തോന്നിയ ഒരു ഘട്ടത്തിലാണ് അക്ഷയുമായുള്ള ബന്ധം തുടങ്ങുന്നത്. അങ്ങനെ ഞാനെന്റെ സഹനടനൊപ്പം ജോഗിംഗ് ചെയ്യുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തു, അത് ഒടുവിൽ ദാമ്പത്യത്തിലേക്കും അത്ലറ്റിക് ജീനുകളുള്ള രണ്ട് കുട്ടികളിലേക്കും നയിച്ചു,” ദി ടൈം ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചുവരുന്ന തന്റെ കോളത്തിൽ ട്വിങ്കിൾ എഴുതിയതിങ്ങനെ.
2001 ലാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷ്ണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.
“ടീന (ട്വിങ്കിൾ) എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന നല്ലൊരു വ്യക്തിയാണ് എന്റെ ഭാര്യ. ഞാൻ വീഴുമ്പോൾ അവൾ എന്നെ താങ്ങി നിർത്തുന്നു, ഞാൻ പറക്കുമ്പോൾ അവളെന്നെ താഴെയിറക്കുന്നു. ഞാൻ സങ്കടപ്പെടുമ്പോൾ അവൾ എന്നെ ചിരിപ്പിക്കുകയും ചെയ്യുന്നു. ടീനയാണ് എനിക്ക് എല്ലാം. അവളാണ് എന്റെ റിയാലിറ്റി ചെക്ക്, ” ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ അക്ഷയ് ട്വിങ്കിളിനെക്കുറിച്ച് സംസാരിച്ചതിങ്ങനെ.
വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുന്ന ട്വിങ്കള്‍ എഴുത്തുകാരി, നിര്‍മാതാവ് എന്നീ നിലകളിലും പിൽക്കാലത്ത് പ്രശസ്തയായിരുന്നു. താങ്ക്യൂ, കില്ലാഡി 786, 72 മൈൽസ്, പാഡ് മാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണപങ്കാളിയാണ് ട്വിങ്കിൾ. മിസിസ് ഫണ്ണിബോൺസ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്, ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയാണ് ട്വിങ്കിളിന്റെ മറ്റ് പുസ്തകങ്ങൾ.
അഭിനേതാക്കളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകള്‍ കൂടിയാണ് ട്വിങ്കിള്‍ ഖന്ന.