Twenty One Gms Review & Rating: അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ട്വന്റി വൺ ഗ്രാംസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു പസിൽ ഗെയിം പോലെ നിങ്ങുന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.
കൊച്ചി നഗരത്തിൽ ഒരു രാത്രി നടക്കുന്ന കൊലപാതകവും അതിനെ തുടർന്ന് നടക്കുന്ന പൊലീസ് അന്വേഷണങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവ വനിതാ ഡോക്ടറാണ് കൊല്ലപ്പെടുന്നത്. തൊട്ടടുത്ത ദിവസം അവിടെ മറ്റൊരു കൊലപാതകം കൂഠി അരങ്ങേറുന്നു. തുടർന്ന് ഉഴപ്പനായ സ്ഥലം സിഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പോരാതെ വരുമ്പോൾ കേസ് ക്രൈബ്രാഞ്ചിനെ ഏൽപിക്കുന്നു. ക്രൈംബ്രാഞ്ച് ഉദ്ര്യോഗസ്ഥനായ നന്ദ കിഷോറാണ് കേസ് ഏറ്റെടുക്കുന്നത്.
അന്വേഷണം ആരംഭിക്കുന്നതോടെ സംഭവത്തെ കുറിച്ചുള്ള ലോക്കൽ പൊലീസിന്റെ കണ്ടെത്തലുകളൊക്കെ തെറ്റാണെന്ന് തെളിയുകയാണ്. കേസിൽ പുതിയ വഴിത്തിരിവുകളുണ്ടാകുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കൊലപാതകം കൂടി അരങ്ങേറുന്നു. അതോടെ ഒരു പസിൽ ഗെയിം പോലെ ഓരോന്നും ചേർത്ത് നന്ദ കിഷോറും സംഘവും കൊലപാതകങ്ങളുടെ ചുരുളയിക്കുന്നതുമാണ് ‘ട്വന്റി വൺ ഗ്രാംസ്’.
മലയാളത്തിൽ അടുത്തിടെയിറങ്ങിയ കുറ്റാന്വേഷണ ചിത്രങ്ങളുടെ പാറ്റേൺ അതുപോലെ തന്നെ തുടരുന്നുണ്ട് ഈ ചിത്രവും. ‘മെമ്മറീസ്, ഗ്രാൻഡ്മാസ്റ്റർ, അഞ്ചാം പതിര തുടങ്ങിയ ചിത്രങ്ങളിലെ പോലെ കേസന്വേഷിക്കുന്ന നന്ദ കിഷോറിൻ്റെ കുടുംബ ജീവിതത്തിനും മാനസികാവസ്ഥയ്ക്കുമെല്ലാം പ്രധാന്യം നൽകി കൊണ്ടാണ് ചിത്രത്തിന്റെ കഥ.
ഒരു പസിൽ ഗെയിം പോലെ ഓരോന്നും അടുക്കിയടുക്കി പോകുന്ന തരത്തിലുള്ള ചിത്രം പ്രേക്ഷകന് ഒരു ഗസിങ് ഗെയിമായും മാറുന്നുണ്ട്. എന്നാൽ അതിൽ ഉദ്വേഗജനകമായ രംഗങ്ങൾ സമ്മാനിക്കുന്നതിൽ ‘ട്വന്റി വൺ ഗ്രാംസ്’ പരാജയപ്പെടുന്നു. ഗസിങ്ങിനെ ചെറിയ ട്വിസ്റ്റുകളുമായി മറികടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം പ്രഡിക്റ്റബിൾ ട്വിസ്റ്റുകളായി മാറുകയാണ്. എന്നാൽ ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് പ്രേക്ഷകന് വലിയ ആവേശം സമ്മാനിക്കുന്നുണ്ട്.
വളരെ സാവധാനം നീങ്ങുന്ന, അൽപം ലാഗ് തോന്നിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതിയിലാണ് ചെറിയ ട്വിസ്റ്റുകളുമായി ചിത്രം കുറച്ചെങ്കിലും എൻഗേജിങാക്കുന്നത്. കെട്ടുറപ്പിലാത്ത തിരക്കഥയാണ് ഇതിന് കാരണമെന്ന് പറയാം. തിരക്കഥയിലെ പോരയ്മകൾ അൽപം വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ മറികടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതും അത്രകണ്ട് വിജയിക്കാതെ പോവുകയാണ്. അതിഭാവുകത്വം നിറഞ്ഞ ചില രംഗങ്ങളും ഡയലോഗുകളും കടന്നുവരുന്നുണ്ട്. കുറ്റാന്വേഷണ സിനിമകളുടെ പാരമ്പര്യ ക്ലീഷേകൾ കഥയിലും കഥാപാത്രങ്ങളിലും ആവർത്തിക്കുകയാണ്.
യുവതാരങ്ങൾ ഉൾപ്പെടുന്ന ചെറിയ താര നിരയാണ് ‘ട്വന്റി വൺ ഗ്രാം’സിലേത്. അനൂപ് മേനോനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ നന്ദ കിഷോറായി എത്തുന്നത്. വർഷങ്ങൾക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന അനൂപ് മേനോൻ തന്റെ റോൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വൈകാരിക രംഗങ്ങളിൽ ഉൾപ്പെടെ നല്ല അഭിനയം കാഴ്ച വയ്ക്കാൻ കഴിഞ്ഞു. സണ്ണി ചാക്കോ എന്ന പൊലീസുകാരനെ അവതരിപ്പിച്ച അനു മോഹന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീള പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. കൂടുതൽ സ്ക്രീൻ സ്പേസും ലഭിച്ചിട്ടുണ്ട്.
ടെലിവിഷൻ അവതാരകനായി തിളങ്ങുന്ന ജീവയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ചിത്രത്തിൽ നല്ല പ്രകടനം നടത്താൻ ജീവയ്ക്ക് സാധിച്ചിട്ടുണ്ട്. രഞ്ജിത്തും കാമിയോ റോളിൽ എത്തുന്ന രൺജി പണിക്കരും എപ്പോഴത്തെയും പോലെ മികച്ചു നിൽക്കുന്നു. പൊലീസ് വേഷത്തിൽ എത്തുന്ന ലെനയും അലക്സാണ്ടർ പ്രശാന്തും തങ്ങളുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്. ഗൗരി എന്ന കഥാപാത്രമായി ലിയോണ ലിഷോയിയും ചിത്രത്തിലുണ്ട്. വിവേക് അനിരുദ്ധ്, മറീന മൈക്കിൾ, നന്ദു, ശങ്കർ രാമകൃഷ്ണൻ, ബിനീഷ് ബാസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ഒരു ത്രില്ലർ ചിത്രത്തിന് വേണ്ട വിധം നന്നായി തന്നെ ജിത്തു ദാമോദറിന്റെ ക്യാമറ ഓരോ രംഗവും ഒപ്പിയെടുത്തിട്ടുണ്ട്. രാത്രി കാഴ്ചകൾ എല്ലാം നന്നായി തന്നെ കാണിക്കുന്നുണ്ട്. അപ്പു എൻ.ഭട്ടതിരിയാണ് എഡിറ്റിങ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമായതുകൊണ്ട് തന്നെ ആകെ ഒരു ഗാനമാണ് ചിത്രത്തിൽ വരുന്നത്. വിനായക് ശശികുമാറിന്റെ വരികളെഴുതിയ പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവാണ്. അതേസമയം, ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം വേണ്ടത്ര മികവ് പുലർത്താതെ പോകുന്നുണ്ട്. റിനീഷ് കെ.എൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മുൻപ് വന്നിട്ടുള്ള കുറ്റാന്വേഷണ സിനിമകളിലെ ക്ലിഷേകൾ ഏറെക്കുറെ ആവർത്തിക്കുന്ന ഒരു ശരാശരി ചിത്രമാണ് ‘ട്വന്റി വൺ ഗ്രാംസ്’. രണ്ട് മണിക്കൂർ തിയേറ്ററിൽ ചിത്രം കാണുന്ന പ്രേക്ഷകന് ക്ളൈമാക്സ് ട്വിസ്റ്റ് ഒഴികെ മറ്റൊന്നും അത്ര രസിപ്പിച്ചേക്കില്ല.