ചെന്നൈ: മലയാളി മങ്കമാര്ക്കോ തമിഴ് പെണ്കൊടികള്ക്കോ കൂടുതല്‍ സൗന്ദര്യം എന്ന വിഷയത്തിലെ ടിവി ഷോ, പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിജയ് ടിവി ഒരുക്കിയ ‘നീയാ നാനാ’ എന്ന സംവാദ പരിപാടിയാണ് ഒഴിവാക്കിയത്.
സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ് വേഷം ധരിച്ച തമിഴ് സ്ത്രീകളെയും സംവാദത്തിൽ പങ്കെടുപ്പിച്ചിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ പരിപാടി സംപ്രേഷണം ചെയ്യുന്നതിനു മുൻപായി വൻ പരസ്യമാണ് നൽകിയിരുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം പരിപാടിയെക്കുറിച്ച് പരസ്യം വന്നതോടെ സ്ത്രീപക്ഷ സംഘടനകൾ പ്രതിഷേധമുയർത്തി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കാഞ്ചീപുരത്തെ മക്കൾ മൺട്രം എന്ന സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു.
Look at this title of debate Beauty? kerala girls or Tn girls @dhanyarajendran @jai_amma @kavithamurali heights of Objectifying women https://t.co/1VrkGENJE3
— Induja Ragunathan (@R_Induja) October 20, 2017
പല കോണില്‍ നിന്ന് പ്രതിഷേധമുയര്ന്നതിനാലാണ് സംപ്രേഷണം ഉപേക്ഷിച്ചതെന്ന് സംവിധായകന് അന്തോണി വ്യക്തമാക്കി. മലയാളി സ്ത്രീകളും തമിഴ് സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണം, ആഭരണം എന്നിവയുടെ ഭംഗിയും നേതൃപാടവവും വിശദീകരിച്ച് സൗഹാർദാന്തരീക്ഷത്തിൽ പരസ്പരം വാദപ്രതിവാദങ്ങൾ ഉയർത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി സംവിധായകൻ അഭിപ്രായപ്പെട്ടു.