നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് അഭിമുഖം നൽകാനെത്തിയ നിവിൻ പോളിക്ക് അവതാരക നൽകിയത് എട്ടിന്റെ പണി. സോഷ്യൽ മീഡിയയിൽ ഇതിന്റെ വിഡിയോ വൈറലാവുകയാണ്.

അഭിമുഖത്തിന് റെഡിയായി ഇരിക്കുകയാണ് നിവിൻ പോളി. അവതാരകയാവട്ടെ നല്ല എനർജെറ്റിക്കായി താൻ അഭിമുഖം നടത്തുന്ന നടനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തി. പക്ഷേ ആവേശത്തിൽ ദുൽഖർ സൽമാൻ എന്നു പറഞ്ഞാണ് അവതാരക നിവിനെ പരിചയപ്പെടുത്തിയത്. അവതാരകയുടെ ആവേശത്തിൽ പേര് മാറിപ്പോയത് കേട്ട് നിവിൻ പോളി അന്തംവിടുകയും ചെയ്തു.

അവതാരകയ്ക്ക് അബദ്ധം പറ്റിയതാണോ അതോ തമാശയ്ക്ക് ചെയ്തതാണോ എന്നു മനസ്സിലാവാതെ ഒടുവിൽ നിവിൻ തന്നെ ആ രംഗത്തിൽനിന്നും തടിയൂരി. നല്ല സൂപ്പർ അഭിനയം എന്നാണ് നിവിൻ അവതാരകയുടെ വിളിയെ കുറിച്ച് പറഞ്ഞത്.

ഡിസംബർ എട്ടിനാണ് റിച്ചി പ്രദര്‍ശനത്തിനെത്തുന്നത്. നിവിനെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച ‘റിച്ചി’ സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. ‘ഉല്‍ടവറാ കണ്ടെന്‍തെ’ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ