രാജവെമ്പാലയ്ക്കൊപ്പമുള്ള വീഡിയോ പ്രചരിപ്പിച്ചു; സീരിയല്‍ താരം ശ്രുതി അറസ്റ്റില്‍

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി തങ്ങളെ സമീപിച്ചതെന്ന് മൃഗാവകാശ സംഘടനയായ പെറ്റ

മുംബൈ: രാജവെമ്പാലയെ കൈയില്‍ പിടിച്ചുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് ടെലിവിഷന്‍ താരം ശ്രുതി ഉല്‍ഫതിനെ താനെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ശ്രുതിയെ കൂടാതെ സഹപ്രവര്‍ത്തകരായ മറ്റ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടിവി സീരിയലായ നാഗാര്‍ജുനയുടെ ചിത്രീകരണ വേളയില്‍ ഒക്ടോബറിലാണ് ശ്രുതി വീഡിയോ പോസ്റ്റ് ചെയ്തത്. നാഗങ്ങളുമായി ബന്ധപ്പെട്ട ഒരു പുരാണ കഥയാണ് സീരിയലിന്റെ പശ്ചാത്തലം. ചിത്രീകരണത്തിന് വേണ്ടി കൊണ്ടുവന്ന പാമ്പിനെയാണ് ശ്രുതി കൈയിലെടുത്ത് വീഡിയോ തയ്യാറാക്കിയത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം രാജവെമ്പാലയുടെ വീഡിയോ ഷൂട്ട് ചെയ്യുന്നതോ അതിനൊപ്പമുള്ള ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോ കുറ്റകരമാണ്. ഇന്ത്യന്‍ വന്യജീവി ക്ഷേമ ബോര്‍ഡിനും, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനുമാണ് ശ്രുതിക്കെതിരെ പരാതി ലഭിച്ചത്. ഉടന്‍ തന്നെ പൊലീസും വനപാലകരും നടപടി എടുക്കുകയും ചെയ്തു.

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി തങ്ങളെ സമീപിച്ചതെന്ന് മൃഗാവകാശ സംഘടനയായ പെറ്റ അധികൃതരും വ്യക്തമാക്കി. വനംവകുപ്പ് സ്വീകരിച്ച നടപടി ഇനിയെങ്കിലും വന്യജീവികളെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പാഠമാകുമെന്നാണ് കരുതുന്നതെന്നും പെറ്റ കൂട്ടിച്ചേര്‍ത്തു.

Web Title: Tv actor shruti ulfat arrested for posting videos with cobra watch video

Next Story
മകളുടെ അച്ഛന്‍suhana khan, Shah Rukh Khan
The moderation of comments is automated and not cleared manually by malayalam.indianexpress.com