പഴയ ഗാനങ്ങൾ റീക്രിയേറ്റ് ചെയ്യുന്നത് ബോളിവുഡിൽ പുതുമയല്ല. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയതാണ് തുംഹാരി സുലുവിലെ ‘ഹവാ ഹവായ്’ ഗാനം. ശ്രീദേവിയുടെ എക്കാലത്തെയും മികച്ച ഗാനമാണ് വിദ്യാ ബാലനിലൂടെ റീക്രിയേറ്റ് ചെയ്യപ്പെട്ടത്. 1989 ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ഇന്ത്യ’ എന്ന ചിത്രത്തിലേതാണ് ‘ഹവാ ഹവായ്’ എന്ന ഗാനം.

തുംഹാരി സുലുവിലെ ‘ഹവാ ഹവായ്’ ഗാനത്തിൽ വിദ്യാ ബാലനും നേഹ ദുപിയയും ആർജെ മലിഷ്കയുമാണ് നൃത്തച്ചുവടുകളുമായി എത്തിയത്. റേഡിയോ സ്റ്റേഷനിൽവച്ചാണ് ഗാനം ചിത്രീകരിച്ചത്. റേഡിയോ ജോക്കിയായ സുലോചന എന്ന കഥാപാത്രത്തെയാണ് വിദ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാരി ധരിച്ചാണ് വിദ്യ ഗാനത്തിന് ചുവടു വയ്ക്കുന്നത്. ഗാനത്തിന്റെ മേയ്ക്കിങ് വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ‘ഹവാ ഹവായ്’ പോലൊരു ഗാനത്തിന് സാരിയിൽ നൃത്തം ചെയ്യുക അത്ര എളുപ്പമായിരുന്നില്ലെന്ന് വിദ്യ വിഡിയോയിൽ പറയുന്നു.

ശ്രീദേവിയുടെ കടുത്ത ആരാധികയാണ് താനെന്നും അതിനാൽതന്നെ ഗാനത്തിൽ വളരെ ആസ്വദിച്ചാണ് താൻ അഭിനയിച്ചതെന്നും വിദ്യ പറയുന്നു. നവംബർ 17 നാണ് തുംഹാരി സുലു റിലീസിന് എത്തുന്നത്. വിദ്യാ ബാലൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ