തന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ പ്രചരണ തിരക്കിലാണ് സൽമാൻ ഖാൻ. ട്യൂബ്‌ലൈറ്റിന്റെ പ്രചരണാർത്ഥം സൽമാൻ ഖാൻ സൈക്കിൾ ഓടിക്കുന്ന വിഡിയോയാണ് നവമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മുംബൈയിലാണ് ഒരു സൈക്കിളിൽ സൽമാൻ ഖാൻ സവാരിക്കിറങ്ങിയത്. ട്യൂബ്‌ലൈറ്റ് എന്നെഴുതിയ ടീ ഷർട്ടാണ് സൽമാൻ ഖാൻ ധരിച്ചിരുന്നത്.
തന്റെ ഇൻസ്റ്റഗ്രാം പേജിൽ സൽമാൻ ഖാൻ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. സൽമാൻ ഖാനെ കണ്ട് കൗതുകത്തോടെ നോക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ് ലൈറ്റ് ഒരുങ്ങുന്നത്. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ട്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്.
ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. യുദ്ധ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.