പോയ വര്‍ഷം തമിഴര്‍ മാത്രമല്ല, മലയാളികളും നെഞ്ചേറ്റിയ പാട്ടായിരുന്നു 96 എന്ന ചിത്രത്തിലെ ‘കാതലേ കാതലേ’. ചിരിപ്പിച്ചും കരയിച്ചും കടന്നു പോയ 96ന് സംഗീതം നല്‍കിയത് മലയാളിയായ ഗോവിന്ദ് വസന്തയായിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന്റെ അവാര്‍ഡ് ദാനച്ചടങ്ങില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ഗോവിന്ദ് ആ ഗാനം ഒരിക്കല്‍കൂടി ആലപിച്ചു, സ്വന്തം ശബ്ദത്തില്‍. ഇതു കേട്ട് നിറകണ്ണുകളോടെ തൃഷ സദസിലുണ്ടായിരുന്നു.

ബിഹൈന്‍ഡ് വുഡ്‌സ് ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ അവാര്‍ഡുകളില്‍ അഞ്ചെണ്ണമാണ് 96 സ്വന്തമാക്കിയിരിക്കുന്നത്. ’96’ എന്ന ചിത്രത്തില്‍ ജാനുവായി വിസ്മയിപ്പിച്ച തൃഷ കൃഷ്ണന്‍, കുഞ്ഞുജാനുവിനെ അവതരിപ്പിച്ച ഗൗരി ജി കിഷന്‍, റാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യ ഭാസ്‌കര്‍, തൃഷയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കുകയും ഗാനം ആലപിക്കുകയും ചെയ്ത ചിന്മയി, ’96 ന്റെ സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്ത എന്നിവരാണ് ആറാമത് ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ മെഡല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്.

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ പ്രിന്‍സസ് അവാര്‍ഡ് ആണ് തൃഷ സ്വന്തമാക്കിയത്.”ആളുകള്‍ എന്റെ പേര് മറന്നു എന്നതുപോലൊരു അനുഭവമാണ് ഇപ്പോള്‍, എല്ലാവരും ജാനു എന്നാണ് പറയുന്നത്. എന്നില്‍ നിന്നും ജാനുവിനെ കണ്ടെത്തിയ സംവിധായകന് നന്ദി. ഇന്ന് 96 ന്റെ 75-ാം ദിന ആഘോഷം കൂടിയാണ്, വളരെ പ്രത്യേകതകള്‍ ഉണ്ട്. അവാര്‍ഡിനും പിന്തുണയ്ക്കും പ്രചോദനത്തിനും നന്ദി,” അവാര്‍ഡ് സ്വീകരിച്ച് തൃഷ പ്രതികരിച്ചത് ഇങ്ങനെ.

Read More: അവാര്‍ഡ്‌ മഴയില്‍ നനഞ്ഞ് ’96’

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റര്‍ (മെയില്‍) അവാര്‍ഡ് ആദിത്യ ഭാസ്‌കറും ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റര്‍ (ഫീമെയില്‍) അവാര്‍ഡ് ഗൗരി ജി കിഷനും സ്വന്തമാക്കിയപ്പോള്‍ വോയിസ് ഓഫ് ദി ഇയര്‍ (ഫീമെയില്‍) പുരസ്‌കാരം ചിന്മയി ശ്രീപദയും സ്വന്തമാക്കി. ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള പുരസ്‌കാരമാണ് ഗോവിന്ദ് വസന്തയെ തേടിയെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook