തെന്നിന്ത്യന്‍ താരം തൃഷയുടെ 35-ാം പിറന്നാളായിരുന്നു ഇന്നലെ. രാവിലെ മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി എത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രാത്രി തൃഷയും ഇന്‍സ്റ്റഗ്രാമില്‍ എത്തി. പിറന്നാള്‍ കേക്കിന്റെ മുന്നില്‍ നില്ക്കുന്ന ഒരു ചിത്രമാണ് തൃഷ പങ്കു വച്ചത്. തനിക്കേറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ ചേര്‍ത്തൊരുക്കിയ കേക്ക് എന്നാണ് തൃഷ അതിനെ വിശേഷിപ്പിച്ചത്.
ഒറ്റ നോട്ടത്തില്‍ തന്നെ കേക്കില്‍ നിന്നും കണ്ടറിയാന്‍ സാധിക്കും, തൃഷയുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ ഏതൊക്കെ എന്ന്. നായ്കുട്ടികള് ആണ് ആദ്യം ശ്രദ്ധയില്‍ പെടുക. വളര്‍ത്തു നായ്ക്കളെ ഏറെ ഇഷ്ടമുള്ളയാളാണ് തൃഷ. റോലെക്സ്, ഡിയോര്‍ എന്നീ ബ്രാന്‍ഡുകള്‍, ഒരു സിനിമാ ക്യാമറ, നെറ്റ്ഫ്ലിക്സ്, ഐ ലവ് എന്‍ വൈ (ന്യൂയോര്‍ക്ക്), എന്നിവയും കാണാം. ചോക്ലേറ്റ് കാരമല്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
അടുത്തിടെ ശ്യാമപ്രസാദ് ചിത്രമായ ‘ഹേയ് ജൂഡി’ലൂടെ തൃഷ മലയാളത്തിലും എത്തിയിരുന്നു. നിവില്‍ പോളി നായകനായ ചിത്രത്തില്‍ അവര്‍ അവതരിപ്പിച്ച ക്രിസ്റ്റല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഥാപാത്രത്തെക്കുറിച്ചും മലയാളത്തിലെ തന്റെ ആദ്യ സിനിമാനുഭവത്തെക്കുറിച്ചും തൃഷ പറഞ്ഞതിങ്ങനെയാണ്.
“ഭംഗിയുള്ള ഒരു ഭ്രാന്തിയാണ് ക്രിസ്റ്റല്‍. തന്റെ ഭ്രാന്തുകള്‍ പ്രകടിപ്പിക്കാന്‍ അവള്‍ക്ക് ഒരു തടസങ്ങളും ഇല്ലായിരുന്നു. ആളുകള്‍ കാണുന്നതെന്തോ അതാണ് ക്രിസ്റ്റല്‍. ‘തലതെറിച്ച’ എന്നാല്‍ മനോഹരമായ ഒരു ഹൃദയത്തിനുടമയാണ് ക്രിസ്റ്റല്‍. അത്തരമൊരു കഥാപാത്രം ഇതുവരെ ഞാന്‍ അവതരിപ്പിച്ചിട്ടില്ല.
ഈ സിനിമയില്‍ അഭിനയിക്കാനുള്ള തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം ശ്യാമപ്രസാദാണ്. ശ്യാമപ്രസാദ്, മണിരത്നം, ഗൗതം മേനോന് തുടങ്ങിയ സംവിധായകരെയെല്ലാം ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. ഇവരെല്ലാം സ്ത്രീകള്‍ക്കു പ്രാധാന്യമുള്ള സിനിമകള്‍ ഒരുക്കാറുണ്ട്, താരത്തിനപ്പുറത്തേക്ക് കഥാപാത്രത്തെ നോക്കിക്കാണുന്നവരാണ്.
പിന്നെ നിവിന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം എന്റെ സുഹൃത്താണ്. നിവിനൊപ്പം ജോലി ചെയ്യുക എന്നത് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ഒരു മസിലുപിടിത്തവുമില്ലാത്ത സഹപ്രവര്ത്തകന്.”
നീണ്ട 15 വര്‍ഷങ്ങള്‍ സിനിമയില്‍ ചെലവഴിച്ച തനിക്കു അഭിനയത്തിലും വ്യക്തിപരമായും ധാരാളം മാറ്റങ്ങള്‍ സിനിമ സമ്മാനിച്ചിട്ടുണ്ട് എന്നും തൃഷ പറഞ്ഞിരുന്നു.
“കുറച്ചു കൂടി ശാന്തയാകാനും ക്ഷമ കാണിക്കാനും സിനിമ എന്നെ പഠിപ്പിച്ചു. വിവിധ തരത്തിലുള്ള ആളുകളുണ്ട് ഇവിടെ. എല്ലാത്തില്‍ നിന്നും ഒരൽപം വിട്ടുനില്‍ക്കാന്‍ ശീലിച്ചു. വിജയങ്ങള്‍ എന്നെ സന്തോഷിപ്പിക്കാറുണ്ട്. നിങ്ങളുടെ സിനിമ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നു എന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഒരു ബാലന്‍സ് കൊണ്ടുവരുന്നത്തിലും ശ്രദ്ധിക്കാറുണ്ട്.”
‘മോഹിനി’, ‘ഗര്ജനായ്’, ‘സതുരംഗ വേട്ടയ്’, ‘1818’, ’96’, ‘പരമപദം വിളയാട്ട്’ എന്നീ ചിത്രങ്ങളിലാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.