കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ തുടരുമ്പോൾ പുറത്തുപോവാനോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനോ ആവാതെ വീടുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും. സിനിമാ ചിത്രീകരണങ്ങൾക്കും പാർട്ടികൾക്കുമൊക്കെ അവധി നൽകി താരങ്ങളും വീടിനകത്ത് ക്വാറന്റയിനിൽ ആണ്. പലരും അപ്രതീക്ഷിതമായി വീണുകിട്ടിയ സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളെ ഒന്നും നേരിൽ കാണാൻ കഴിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ചങ്ങാതികളുമായി സമ്പർക്കം പുലർത്താനും പലരും സമയം കണ്ടെത്തുന്നുണ്ട്.

ക്വാറന്റയിൻ കാലത്ത് തനിക്ക് കൂട്ടാവുന്ന ചങ്ങാതിമാരെ പരിചയപ്പെടുത്തുകയാണ് നടി തൃഷ. റാണാ ദഗ്ഗുബാട്ടിയും അല്ലു അർജുനുമാണ് തൃഷയുടെ ആ സുഹൃത്തുക്കൾ. ഇരുവർക്കും ഒപ്പം വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടാണ് തൃഷ പങ്കുവയ്ക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. അടുത്തും അകന്നും നിരവധി വര്‍ഷങ്ങള്‍ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവില്‍ പിരിയാനും തീരുമാനിച്ചു. എന്നാല്‍ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളില്‍ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല. ഒടുവില്‍ റാണ തുറന്നു പറഞ്ഞു, തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞെന്നും.

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണിലാണ് റാണ ഇതേക്കുറിച്ച് മനസ് തുറന്നത്. കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് റാണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

“ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാള്‍ സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയത്തിലായി. പക്ഷെ ആ ബന്ധം വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല,” റാണ പറഞ്ഞു. എന്നാല്‍ തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.

Read more: തൃഷയുമായി പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞ് റാണ ദഗ്ഗുബാട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook