‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലെ ക്രിസ്റ്റല്‍ എന്ന കഥാപാത്രമാകാന്‍ ശ്യാമപ്രസാദിന് വേണ്ടിയിരുന്നത് കേരളത്തിനു പുറത്തു വളര്‍ന്ന ഒരു മലയാളി പെണ്‍കുട്ടിയെയായിരുന്നു. തുടക്കം മുതലേ തൃഷയുടെ മുഖമായിരുന്നു സംവിധായകന്‍റെ മനസ്സില്‍. അങ്ങനെ മലയാളിയായ ഈ തെന്നിന്ത്യന്‍ നടി മലയാള തന്റെ 15 വര്‍ഷത്തെ സിനിമാ ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ‘ഹേയ് ജൂഡി’നെക്കുറിച്ച് തൃഷ സംസാരിക്കുന്നു.

? മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ തമിഴിലേക്ക് ചേക്കേറുമ്പോഴാണ്‌ തൃഷ മലയാളത്തിലേക്ക് വരുന്നത്

തുറന്നു പറഞ്ഞാല്‍ അങ്ങനെ പ്ലാന്‍ ചെയ്തു വന്നതൊന്നുമായിരുന്നില്ല. തമിഴ്, തെലുങ്ക് സിനിമകള്‍ ചെയ്യുന്നതിനിടെ മലയാളത്തില്‍ അഭിനയിക്കാന്‍ ഇതുവരെ സമയം കിട്ടിയില്ല. കൂടാതെ, അതിന് പറ്റിയ ഒരു ചിത്രം, സമയം, സ്ഥലം അങ്ങനെ എല്ലാം ഒത്തുവരണ്ടേ. ‘ഹേയ് ജൂഡ്’ അത്തരത്തില്‍ എല്ലാം ചേര്‍ന്ന് വന്ന ഒരു സിനിമിയാണ്.

? ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തില്‍ തൃഷയ്ക്ക് ഏറ്റവും ഇഷ്ടം തോന്നിയത് എന്താണ്?

ഭംഗിയുള്ള ഒരു ഭ്രാന്തിയാണ് ക്രിസ്റ്റല്‍. തന്റെ ഭ്രാന്തുകള്‍ പ്രകടിപ്പിക്കാന്‍ അവള്‍ക്ക് ഒരു തടസങ്ങളും ഇല്ലായിരുന്നു. ആളുകള്‍ കാണുന്നതെന്തോ അതാണ് ക്രിസ്റ്റല്‍. ‘തലതെറിച്ച’ എന്നാല്‍ മനോഹരമായ ഒരു ഹൃദയത്തിനുടമയാണ് ക്രിസ്റ്റല്‍. അത്തരമൊരു കഥാപാത്രം ഇതുവരെ ഞാന്‍ അവതരിപ്പിച്ചിട്ടില്ല.

? ഈ സിനിമ തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം ശ്യാമപ്രസാദാണെന്ന് തൃഷ പറഞ്ഞിരുന്നു. ഒപ്പം തന്നെ നിവിന്‍ പോളിയുമായുള്ള അനുഭവം

ഈ സിനിമയില്‍ അഭിനയിക്കാനുള്ള തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം ശ്യാമപ്രസാദാണ്. ശ്യാമപ്രസാദ്, മണിരത്‌നം, ഗൗതം മേനോന്‍ തുടങ്ങിയ സംവിധായകരെയെല്ലാം ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. ഇവരെല്ലാം സ്ത്രീകള്‍ക്കു പ്രാധാന്യമുള്ള സിനിമകള്‍ ഒരുക്കാറുണ്ട്, താരത്തിനപ്പുറത്തേക്ക് കഥാപാത്രത്തെ നോക്കിക്കാണുന്നവരാണ്. പിന്നെ നിവിന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം എന്റെ സുഹൃത്താണ്. നിവിനൊപ്പം ജോലി ചെയ്യുക എന്നത് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ഒരു മസിലുപിടിത്തവുമില്ലാത്ത സഹപ്രവര്‍ത്തകന്‍.

? സിനിമാ മേഖലയില്‍ 15 വര്‍ഷക്കലമോക്കെ മുന്‍നിരയില്‍ തിളങ്ങി നില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. എന്താണിതിന്റെ രഹസ്യം?

ഞാന്‍ തെരഞ്ഞെടുത്ത സിനിമകളും, ഒപ്പം ജോലി ചെയ്ത സംവിധായകരും, പ്രത്യേകിച്ച് എന്നെ മനസ്സില്‍ കണ്ട് ഒരു കഥാപാത്രത്തിന് രൂപം നല്‍കിയവര്‍ തന്നെയാണ്.

Trisha, Shyamprasad

? തൃഷ തിരഞ്ഞെടുത്ത തിരക്കഥകള്‍ കൂടുതലും നായികാ പ്രാധാന്യമുള്ളതാണ്. ബോധപൂര്‍വ്വമായിരുന്നോ?

ഇത്തരം സിനിമകളൊക്കെ എന്നും ആസ്വദിച്ചിരുന്ന പ്രേക്ഷകര്‍ ഇപ്പോള്‍ കുറച്ചു കൂടി അതിന് പ്രാധാന്യം നല്‍കുന്നുണ്ട്. ബോധപൂര്‍വ്വമുള്ള മാറ്റം എന്നത് സിനിമാ മേഖലയില്‍ തന്നെ സംഭവിച്ചു കഴിഞ്ഞു. സ്ത്രീകേന്ദ്രീകൃതമായ നിരവധി സിനിമകള്‍ ഉണ്ടാകുന്നു. ഞങ്ങള്‍ക്കു വേണ്ടി അത്തരം കഥകളൊരുക്കാന്‍ പുതിയ എഴുത്തുകാരും ഉണ്ടാകുന്നുണ്ട്. ഒരു വിന്‍-വിന്‍ സിറ്റ്വേഷന്‍ ആണ്.

? സിനിമയിലെ നീണ്ട 15 വര്‍ഷങ്ങള്‍ തൃഷ എന്ന അഭിനേത്രിക്കും വ്യക്തിക്കും എന്തു മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്?

കുറച്ചു കൂടി ശാന്തയാകാനും ക്ഷമ കാണിക്കാനും സിനിമ എന്നെ പഠിപ്പിച്ചു. വിവിധ തരത്തിലുള്ള ആളുകളുണ്ട് ഇവിടെ. എല്ലാത്തില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കാന്‍ ശീലിച്ചു. വിജയങ്ങള്‍ എന്നെ സന്തോഷിപ്പിക്കാറുണ്ട്. നിങ്ങളുടെ സിനിമ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നു എന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഒരു ബാലന്‍സ് കൊണ്ടുവരുന്നത്തിലും ശ്രദ്ധിക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ