മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും വീണ്ടും സിനിമയിൽ സജീവമാകുകയാണ് ഇപ്പോൾ. മിയയുടെയും അശ്വിന്റെയും മകൻ ലൂക്കയുടെ രണ്ടാം പിറന്നാളായിരുന്നു വ്യാഴാഴ്ച. മകന്റെ ജന്മദിനത്തിൽ മിയ ഷെയർ ചെയ്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ചിത്രങ്ങളിൽ മിയയ്ക്കും കുടുംബത്തിനുമൊപ്പം തെന്നിന്ത്യൻ താരം തൃഷയേയും കാണാം. “പ്രിയപ്പെട്ട സൂപ്പർസ്റ്റാർ തൃഷയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാൻ വിലമതിക്കുന്നു. നിങ്ങളെ സ്നേഹിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങളും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്നു. അതുകൊണ്ട് രണ്ടുപേർക്കും എന്റെ ജന്മദിനാശംസകൾ,” ചിത്രങ്ങൾ ഷെയർ ചെയ്ത് മിയ കുറിച്ചു.
‘ദ റോഡ്’ എന്ന ചിത്രത്തിലാണ് മിയയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്. അരുൺ വശീഗരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്തോഷ് പ്രതാപ്, ഷബീർ, എംഎസ് ഭാസ്കർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. യഥാർത്ഥ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് റിപ്പോർട്ടുകളുണ്ട്. സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കെജി വെങ്കടേഷ് ഛായാഗ്രഹണവും നാഗൂരൻ എഡിറ്റിംഗും നിർവ്വഹിക്കും.