/indian-express-malayalam/media/media_files/uploads/2018/02/trisha-featured-1.jpg)
തെന്നിന്ത്യന്‍ സുന്ദരി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന 'ഹേയ് ജൂഡ്' ഇന്ന് റിലീസ് ആകുന്നു. ശ്യാമപ്രസാദ് എന്ന സംവിധായകന്‍ തന്നെ മനസ്സില്‍ കണ്ടു കൊണ്ട് എഴുതിയ കഥാപാത്രമാണ് എന്നത് കൊണ്ടാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത് എന്ന് തൃഷ. 'ദി ഹിന്ദു'വിന് അനുവദിച്ച അഭിമുഖത്തിലാണ് തൃഷ തന്‍റെ ആദ്യ മലയാള സിനിമാ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
"ശ്യാം സാറിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിവിന്‍ പോളി എന്ന നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലും. ഈ ചിത്രത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ നിവിനെ പരിചയമുണ്ട്. ചെന്നൈയിലെ ചില അവാര്‍ഡ് ചടങ്ങുകളിൽ കണ്ടിട്ടുണ്ട്, ചില അവസരങ്ങളില്‍ ഒരുമിച്ചു 'ഹാങ് ഔട്ട്' ചെയ്തിട്ടുമുണ്ട്. ഇവരുടെ കൂട്ടുകെട്ടില്‍ ഉള്ള 'ഹേയ് ജൂഡ്' എന്ന പാക്കേജ് ആകര്‍ഷകമായി തോന്നി.", തൃഷ പറയുന്നു.
ഗോവയിലും പരിസരത്തുമായി ചിത്രീകരിച്ച 'ഹേയ് ജൂഡ്', ശ്യാമപ്രസാദ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരുന്ന മൂന്നാമത്തെ ചിത്രമാണ്. ശ്യാമപ്രസാദിന്‍റെ 'ഇംഗ്ലീഷ്', 'ഇവിടെ' എന്നീ ചിത്രങ്ങളില്‍ നിവിന്‍ ഇതിനു മുന്‍പ് വേഷമിട്ടിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'വിണ്ണെതാണ്ടി വരുവായാ' എന്ന ചിത്രത്തില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ സംസാരിക്കുന്ന ഒരു കഥാപാത്രം തൃഷ ചെയ്യുന്നത് ഇത് ആദ്യമായാണ്. അത് അത്ര എളുപ്പമായിരുന്നില്ല താനും.
"മലയാളം സംസാരിക്കാന്‍ വളരെ പ്രയാസപ്പെട്ടു. തമിഴും തെലുങ്കും അറിഞ്ഞാല്‍ മലയാളം എളുപ്പം പഠിക്കാം എന്ന് പലരും പറഞ്ഞു. അതില്‍ കാര്യമൊന്നുമില്ല. സിനിമയില്‍ ലൈവ് സൗണ്ട് ആയിരുന്നുവെങ്കിലും എന്‍റെ ഭാഗങ്ങള്‍ റീ ഡബ്ബ് ചെയ്യേണ്ടി വന്നു. മലയാളം കടുകട്ടിയാണ്", അവര്‍ വെളിപ്പെടുത്തി.
കേന്ദ്ര കഥാപാത്രമായ ജൂഡിനെ നിവിന്‍ അവതരിപ്പിക്കുമ്പോള്‍ ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. നിങ്ങള്‍ ക്രിസ്റ്റലിനെപ്പോലെയാണോ എന്ന ചോദ്യത്തിന് തൃഷയുടെ മറുപടി ഇങ്ങനെ.
"ഒട്ടുമല്ല. നമ്മള്‍ അരക്കിറുക്ക്, കുറച്ചു വട്ട്, എന്നൊക്കെ പറയുന്ന തരം കഥാപാത്രമാണ് ക്രിസ്റ്റല്‍. പക്ഷെ നമ്മള്‍ ഓരോരുത്തരിലും ക്രിസ്റ്റലിന്‍റെ അംശങ്ങള്‍ ഉണ്ട് എന്നും പറയാം", തൃഷ കൂട്ടിച്ചേര്‍ത്തു.
നിവിന്‍ പോളി, തൃഷ എന്നിവരെകൂടാതെ സിദ്ദിഖ്, നീനാ കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗീസ് എന്നിവരും 'ഹേയ് ജൂഡി'ല്‍ വേഷമിടുന്നു. രാഹുല്‍ രാജ്, ഔസേപ്പച്ചന്‍, എം.ജയചന്ദ്രന്‍, ഗോപി സുന്ദര്‍ എന്നിവര്‍ സംഗീത സംവിധാനം ചെയ്ത നാല് ഗാനങ്ങളും ചിത്രത്തിലുണ്ട്. നിര്‍മ്മാണം അനില്‍ അമ്പലക്കര, ക്യാമറ ഗിരീഷ് ഗംഗാധരന്‍, എഡിറ്റിങ് കാര്‍ത്തിക് ജോഗേഷ്. 'ഹേയ് ജൂഡി'ന്‍റെ തിരക്കഥ നിര്‍മ്മല്‍ സഹദേവ്, ജോര്‍ജ് കാനാട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതിയതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.