ആറുസാമിയെന്ന പൊലീസ് കഥാപാത്രമായി പ്രേക്ഷകരുടെ മനം കവർന്ന വിക്രം ഒരിക്കൽ കൂടി ആ കഥാപാത്രമായെത്തുകയാണ്, സാമി 2 വിൽ. പൊലീസ് ഓഫിസറായി കൈയ്യടി നേടാൻ വിക്രമെത്തുമ്പോൾ ആരായിരിക്കും സാമി 2വിൽ നായികയെന്ന ചോദ്യത്തിന് മാത്രം ഉത്തരമായിരുന്നില്ല. നായികയാരെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സാമി 2 വിന്റെ സംവിധായകൻ ഹരി പറഞ്ഞിരുന്നത്.

എന്നാൽ ആകാംഷകൾക്കും ചോദ്യങ്ങൾക്കും ഇപ്പോൾ വിരാമമായിരിക്കുന്നു. സാമി 2 വിലും തൃഷ തന്നെ നായികയായെത്തും. തന്റെ ട്വിറ്റർ പേജിലൂടെ തൃഷയാണ് ഇക്കാര്യം പുറത്തു വിട്ടത്.

“ഞാൻ എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിയ പോലെ തോന്നുന്നു. വളരെയധികം ആകാംഷയിലാണെന്നും” തൃഷ ട്വിറ്ററിൽ കുറിച്ചു.
trisha,actress, tweet

ആറുസാമിയെന്ന പൊലീസ് കഥാപാത്രമായി ചിയാൻ വിക്രം കൈയ്യടി നേടിയ ചിത്രമായിരുന്നു 2003 ൽ ഇറങ്ങിയ സാമി. ഹരിയാണ് ചിത്രം സംവിധാനം ചെയ്‌തത്.

തമിഴകത്തിന്റെ പ്രിയ നായികയായി തൃഷയെ മാറ്റിയത് സാമിയിലെ ഭുവനയെന്ന കഥാപാത്രമാണ്. തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു സാമി. ഭുവനയെന്ന നാടൻ കഥാപാത്രത്തെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കഴിഞ്ഞ 15 വർഷമായി തമിഴകത്തിന്റെ പ്രിയ നായികയാണ് തൃഷ. പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.

താരജോഡികളെന്ന നിലയ്ക്ക് തൃഷയ്ക്കും വിക്രമിനും ഏറെ സ്വീകാര്യത നേടി കൊടുത്ത ചിത്രം കൂടിയാണ് സാമി. വിക്രമും തൃഷയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സാമി 2. സാമിയുടെ ആദ്യ ഭാഗത്തിന് പുറമെ ലിങ്കുസാമി സംവിധാനം ചെയ്‌ത “ഭീമ” എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

ഷിബു തമീൻസാണ് സാമി 2 വിന്റെ നിർമാതാവ്. സംഗീതം നൽകുന്നത് ഹാരിസ് ജയരാജും. 2017 ന്റെ രണ്ടാം പകുതിയിൽ ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ