തൃഷയെ മലയാളികൾക്കും ഒരുപാട് ഇഷ്ടമാണ്. തൃഷയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളായ 96, വിണ്ണെത്താണ്ടി വരുവായ എന്നിവയൊക്കെ മലയാളികളും ഏറെ ആസ്വദിച്ച സിനിമകളാണ്. നിവിൻ പോളിക്കൊപ്പം ‘ഹേയ് ജൂഡ്’ എന്ന സിനിമയിലൂടെ തൃഷ മലയാളത്തിലേക്കുമെത്തി. വർഷങ്ങൾക്കുശേഷം വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണ് തൃഷ.

മോഹൻലാലിന്റെ നായികയായിട്ടാണ് തൃഷയുടെ മലയാളത്തിലേക്കുളള രണ്ടാം വരവ്. ദൃശ്യത്തിനുശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ സിനിമയിലാണ് തൃഷയും അഭിനയിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ അഭിനയിക്കുക. അടുത്ത വർഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

Read Also: ലാലേട്ടന്റെ കൈയ്‌ക്ക് എന്തുപറ്റി? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കാൻ താനെപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് തൃഷ പരിപാടിയിൽ പറഞ്ഞു. ”മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോകുന്നതിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. ഞാൻ എപ്പോൾ അദ്ദേഹത്തെ (മോഹൻലാൽ) കണ്ടാലും ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്. ഹേയ് ജൂഡിനുശേഷം നല്ലൊരു മലയാളം സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ വളരെ ആവേശത്തിലാണ്” തൃഷ പറഞ്ഞു.

യുകെ, കെയ്റോ തുടങ്ങിയ വിദേശരാജ്യങ്ങളിലാണ് റാമിന്റെ ചിത്രീകരണം. അഭിഷേക് ഫിലിംസ് ആൻഡ് പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ രമേശ് പി.പിളളയും സുധൻ എസ്.പിളളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook