മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവനി’ൽ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് നടി തൃഷ അവതരിപ്പിച്ചത്. ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന വേഷം താൻ അവതരിപ്പിച്ചോട്ടെയെന്ന് മണിരത്നത്തോട് ഒരിക്കൽ ചോദിച്ചിരുന്നതായി തൃഷ ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യയ്ക്ക് മാത്രമെ ആ കഥാപാത്രം ചെയ്യാനാകൂ എന്ന് പറഞ്ഞ സംവിധായകൻ ആ അപേക്ഷ തള്ളികളഞ്ഞെന്നും തൃഷ പറഞ്ഞു.
ന്യൂസ് 18 നു നൽകിയ അഭിമുഖത്തിലായിരുന്നു തൃഷയുടെ വെളിപ്പെടുത്തൽ. “എനിക്ക് വ്യക്തിപരമായി നന്ദിനിയെ ഇഷ്ടമാണ്. അതുകൊണ്ട് ആ കഥാപാത്രം ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു. ഒരിക്കൽ മണി സാറിനോട് ഇതേ കാര്യം പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത് താൻ ആദ്യമേ കരാർ ഒപ്പിട്ട കഥാപാത്രം നന്ദിനിയാണ് കാരണം ഐശ്വര്യയ്ക്ക് മാത്രമെ അത് ചെയ്യാനാകൂ എന്നാണ്. ആ ഉത്തരത്തിൽ ഞാൻ പൂർണ തൃപ്തയുമായിരുന്നു.”
താനും ഐശ്വര്യയും തമ്മിൽ അധികം അടുക്കരുതെന്ന് മണിരത്നം പറഞ്ഞ മുന്നറിയിപ്പിനെ കുറിച്ചും തൃഷ ഒരിക്കൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ഇരുവരും അവതരിപ്പിക്കുന്ന കുന്ദവൈ, നന്ദിനി എന്ന കഥാപാത്രങ്ങൾ ശത്രുക്കളാണ്.
പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്തിന്റെ പ്രമോഷൻ സമയത്തായിരുന്നു തൃഷ ഈ കാര്യം പറഞ്ഞത്. “കുന്ദവൈ, നന്ദിനി എന്ന കഥാപാത്രങ്ങൾ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്. മണി സർ ഇടയ്ക്ക് പറയും നിങ്ങൾ സുഹൃത്തുക്കളാകാതിരിക്കൂ എന്നത്. ഇത് കുന്ദവൈയും നന്ദിനിയുമാണ് , അതുകൊണ്ട് പരസ്പരം സംസാരിക്കരുത്. അഭിനയിക്കുന്ന രംഗങ്ങളിൽ നിങ്ങൾ തമ്മിൽ കുറച്ച് ശത്രുത ആവശ്യമാണെന്നാണ് അദ്ദേഹം പറയാറുള്ളത്”
ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തി. 2022 സെപ്തംബറിനായിരുന്നു ആദ്യ ഭാഗത്തിന്റെ റിലീസ്. ഐശ്വര്യ റായ് ബച്ചൻ, വിക്രം, തൃഷ കൃഷ്ണൻ, കാർത്തി, ഐശ്വര്യ ലക്ഷ്മി, ജയംരവി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.