രേഖ – അമിതാഭ് ബച്ചൻ, കമലഹാസൻ- ശ്രീദേവി, ഷാരൂഖ് ഖാൻ- കാജോൾ, മോഹൻലാൽ- ശോഭന എന്നീ എവർഗ്രീൻ താര ജോഡികൾക്കിടയിൽ വിജയ്-തൃഷ കോമ്പിനേഷനും പ്രത്യേക സ്ഥാനമുണ്ട്. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’ എന്ന ചിത്രത്തിനു ശേഷം ഇരുവരും ചില കാരണങ്ങളാൽ ഒന്നിച്ച് സ്ക്രീനിലെത്തിയില്ല. പതിനാലു വർഷങ്ങൾക്കു ശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്.
‘ദളപതി67’ൽ തൃഷ എത്തുമോ എന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ കുറച്ചു ദിവസങ്ങളായി ഉയർന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്‌മീരിലെത്തിയ അണിയറപ്രവർത്തകരുടെ ലിസ്റ്റിൽ തൃഷയുടെ പേരും ഉണ്ടായിരുന്നു. ഒടുവിൽ നിർമാതാക്കൾ തന്നെ ട്വിറ്ററിലൂടെ ചിത്രത്തിൽ തൃഷയും ഉണ്ടാകുമെന്ന കാര്യം പറയുകയായിരുന്നു.
‘ദളപതി67’ന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. തൃഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഒന്നിച്ച് പൂജയിൽ പങ്കെടുക്കുന്ന ചിത്രമാണ് തൃഷ ഷെയർ ചെയ്‌തത്. “നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമിതാ” എന്നാണ് തൃഷ കുറിച്ചത്. ഗോൾഡൻ പെയർ എന്നാണ് കമന്റ് ബോക്‌സിൽ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.
ഗില്ലി, കുരുവി, തിരുപാച്ചി, ആതി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഗില്ലി, തിരുപാച്ചി എന്നീ ചിത്രങ്ങൾ വിജയ് എന്ന നടനെ സൂപ്പർസ്റ്റാർ പദവിയിലേക്കെത്തിച്ചു.
സഞ്ജയ് ദത്ത്, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, മാത്യൂ തോമസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്.