സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിയാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്ന് ബ്ലൂ ടിക് വെരിഫിക്കേഷനാണ്. മിക്ക സെലബ്രിറ്റിയുടെ പേരിലും നൂറു കണക്കിന് വ്യാജ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ കാണാം എന്നിരിക്കെ ഈ ബ്ലൂ ടിക്കുകൾ താരങ്ങളെ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്ന ആരാധകർക്കും വലിയ ആശ്വാസമായിരുന്നു. നടി തൃഷയ്ക്കും നടൻ ജയം രവിയ്ക്കും കയ്യിലുള്ള ബ്ലൂ ടിക് നഷ്ടമായിരിക്കുകയാണ്.
പൊന്നിയിൻ സെൽവൻ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ട്വിറ്റർ ഹാൻഡിലിൽ പേരു മാറ്റിയതോടെയാണ് ഇരുവരുടെയും ട്വിറ്റർ അക്കൗണ്ടുകളുടെ ബ്ലൂ ടിക് നഷ്ടപ്പെട്ടത്. പൊന്നിയിൻ സെൽവനിലെ ഇവരുടെ കഥാപാത്രങ്ങളുടെ പേരായ കുന്ദവൈ, അരുൺമൊഴി വർമൻ എന്നീ പേരുകളാണ് ഇരുവരും പ്രമോഷനു വേണ്ടി ഉപയോഗിച്ചത്. ഇതോടെയാണ് വെരിഫൈഡ് അക്കൗണ്ടുകളെ സൂചിപ്പിക്കുന്ന ബ്ലൂ ടിക് ട്വിറ്റർ നീക്കം ചെയ്തത്. തൃഷ കുന്ദവൈ എന്ന പേരുമാറ്റി സ്വന്തം പേരിലേക്ക് തിരിച്ചുവന്നെങ്കിലും പോയ ബ്ലൂ ടിക് ഇതുവരെ തിരികെ വന്നിട്ടില്ല. ജയം രവിയുടെ അക്കൗണ്ടിലെ പേര് ഇപ്പോഴും അരുൺമൊഴി വർമൻ എന്നു തന്നെയാണ്.


മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 ഏപ്രില്‍ 28ന് തിയേറ്ററിൽ എത്തും. തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് രണ്ടാം ഭാഗവും പുറത്തിറങ്ങുന്നത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രം അണിയിച്ചൊരുക്കിയത് ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായ്, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.