തമിഴിലെ നിത്യഹരിത നായികമാരിൽ ഒരാളാണ് തൃഷ. നിരവധി താരങ്ങൾ വന്നും പോയും കൊണ്ടിരിക്കുന്ന തമിഴ് സിനിമയിൽ ഇപ്പോഴും ഒളിമങ്ങാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങളുമായി നിലയുറപ്പിക്കുകയാണ് തൃഷ കൃഷ്ണൻ എന്ന മുപ്പത്തിയാറുകാരി. തൃഷയെ സംബന്ധിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വർഷമായിരുന്നു 2019.
’96’ എന്ന ചിത്രത്തിലെ ജാനു പോയ വർഷം പ്രേക്ഷകർ നെഞ്ചിലേറ്റിയ പ്രിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ജാനുവും ജാനുവിന്റെ പാട്ടും എന്തിന് ജാനുവണിഞ്ഞ മഞ്ഞ കുർത്ത വരെ ട്രെൻഡായി മാറുന്ന കാഴ്ചയാണ് കണ്ടത്. ജാനുവിനെ അനശ്വരയാക്കിയ തൃഷയെ തേടി നിരവധി പുരസ്കാരങ്ങളും എത്തി. 11 പുരസ്കാരങ്ങളാണ് ’96’ലെ അഭിനയത്തിലൂടെ തൃഷയെ തേടിയെത്തിയത്. തന്നെ തേടിയെത്തിയ പുരസ്കാരങ്ങൾക്ക് ഒപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവയ്ക്കുകയാണ് തൃഷ. ’96’ നൊപ്പം ‘ഹേ ജൂഡ്’ എന്ന ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങളും ഉണ്ട്.
ശ്യാമപ്രസാദിന്റെ ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. “ഈ സിനിമയില്‍ അഭിനയിക്കാനുള്ള തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം ശ്യാമപ്രസാദാണ്. ശ്യാമപ്രസാദ്, മണിരത്‌നം, ഗൗതം മേനോന്‍ തുടങ്ങിയ സംവിധായകരെയെല്ലാം ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. ഇവരെല്ലാം സ്ത്രീകള്‍ക്കു പ്രാധാന്യമുള്ള സിനിമകള്‍ ഒരുക്കാറുണ്ട്, താരത്തിനപ്പുറത്തേക്ക് കഥാപാത്രത്തെ നോക്കിക്കാണുന്നവരാണ്. പിന്നെ നിവിന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം എന്റെ സുഹൃത്താണ്. നിവിനൊപ്പം ജോലി ചെയ്യുക എന്നത് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ഒരു മസിലുപിടിത്തവുമില്ലാത്ത സഹപ്രവര്‍ത്തകന്‍,” ‘ഹേ ജൂഡി’ലേക്ക് തന്നെ ആകർഷിച്ച കാര്യങ്ങളെ കുറിച്ച് തൃഷ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
Read more: മോഹൻലാലിനെ എപ്പോൾ കണ്ടാലും തൃഷ ചോദിക്കുന്നൊരു ചോദ്യമുണ്ട്?