പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ രാധികാ തിലകിന്റെ ഓർമകളിൽ ആദരവ് അർപ്പിക്കുകയാണ് മകൾ ദേവിക. രാധികയുടെ പ്രശസ്തമായ മൂന്ന് ഗാനങ്ങൾ പുനരാവിഷ്കരിക്കുകയാണ് ദേവിക. സംഗീതത്തിലുള്ള പരിജ്ഞാനക്കുറവുകൊണ്ട് തന്നെ ഇത്തരമൊരു വീഡിയോ ചെയ്യാൻ ഏറെ മടിച്ചിരുന്നുവെന്നും പിന്തുണ നൽകിയത് ഗായികമാരും ബന്ധുക്കളുമായ സുജാതയും മകൾ ശ്വേതയുമാണെന്നും ദേവിക പറയുന്നു. ഗായിക ശ്വേത മോഹനാണ് ഈ വീഡിയോയുടെ മ്യൂസിക് പ്രൊഡക്ഷൻ.
“എല്ലാവർക്കും അറിയുന്നതുപോലെ രാധിക ചേച്ചി എന്റെ അമ്മായിയാണ്. അമ്മയ്ക്ക് ആദരവ് അർപ്പിക്കുന്ന ഒരു വീഡിയോ എന്ന ആശയവുമായി ദേവിക എത്തിയപ്പോൾ എനിക്കൊരുപാട് സന്തോഷം തേോന്നി. എന്റെ സഹോദരിയെ ഈ വീഡിയോയിൽ സഹായിക്കാൻ പറ്റിയതിൽ ഞാനേറെ സന്തോഷവതിയാണ്. ചേച്ചിയുണ്ടായിരുന്നപ്പോൾ ചേച്ചിയ്ക്കൊപ്പം ആ പാട്ടുകൾ സെലബ്രേറ്റ് ചെയ്യാൻ എനിക്ക് സാധിച്ചില്ല. അതിപ്പോൾ കഴിഞ്ഞതിൽ സന്തോഷം, എനിക്കുറപ്പുണ്ട് ചേച്ചി സ്വർഗത്തിലിരുന്ന് ഇത് കണ്ട് പുഞ്ചിരിക്കുന്നുണ്ടാകും,” ശ്വേത പറയുന്നു.
അഞ്ചുവർഷം മുൻപ്, സെപ്റ്റംബർ ഇരുപതിനാണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് രാധിക തിലക് മരിക്കുന്നത്. നാൽപ്പത്തിയഞ്ചാം വയസിൽ സംഗീതസപര്യ പാതിവഴിയിൽ നിർത്തി രാധിക യാത്ര പറഞ്ഞപ്പോൾ ബാക്കിയായത് സംഗീത പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച രാധിക പാടിയ എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളുമായിരുന്നു.
‘സംഘഗാനം’ എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു രാധികയുടെ അരങ്ങേറ്റം. ‘ഒറ്റയാള്‍ പട്ടാള’ത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലില്‍ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ദേവസംഗീതം നീയല്ലെ പാടി. ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, രാവണപ്രഭുവിലെ തകില് പുകില്, നന്ദനത്തിലെ മനസ്സില്‍ മിഥുന മഴ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങൾ.
Read more: ഇത് ന്യൂസ് റൂമിൽ പിറന്ന പാട്ട്; പ്രത്യാശയുടെ സംഗീതവുമായി ഗോപി സുന്ദറും സംഘവും