ഏറെ വിവരണങ്ങള്‍ ആവശ്യമില്ലാത്തതാണ് അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹബന്ധം. കാരണം, വിവരണങ്ങള്‍ക്കെല്ലാം അപ്പുറമാണ് അത്. മലയാള സിനിമയില്‍ അച്ഛന്‍-മക്കള്‍ ബന്ധത്തെ കുറിച്ചെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇതാ വളരെ വൈകാരികമായി അച്ഛന്‍ മക്കള്‍ ബന്ധത്തെ കുറിച്ച് വിവരിക്കുന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് ‘അന്വേഷണം’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

ജയസൂര്യ നായകനാകുന്ന ‘അന്വേഷണം’ എന്ന സിനിമയിലെ അച്ഛന്റെ സ്‌നേഹത്തെ കുറിച്ച് വിവരിക്കുന്ന ‘ഇളം പൂവേ…’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മലയാള സിനിമയിലെ അച്ഛന്‍മാരെല്ലാം ഈ ലിറിക്കല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ദുല്‍ഖറില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍, ഗോകുലിന് സ്‌നേഹചുംബനം നല്‍കുന്ന സുരേഷ് ഗോപി, സുകുമാരന്റെ മടിയില്‍ ഇരിക്കുന്ന ഇന്ദ്രജിത്ത്, മക്കള്‍ക്കൊപ്പം ഇരിക്കുന്ന രജനികാന്ത് തുടങ്ങി എല്ലാ താരങ്ങളുടെയും ചിത്രങ്ങള്‍ ഈ ലിറിക്കല്‍ വീഡിയോയിലുണ്ട്.

Read Also: Horoscope of the Week (Jan 19 -Jan 25 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

സിനിമയിലെ നായകന്‍ ജയസൂര്യയും മനോഹരമായ ഈ വീഡിയോയില്‍ സ്‌നേഹം തുളുമ്പുന്ന അച്ഛനായി എത്തുന്നു. മണിക്കൂറുകള്‍ക്കകം വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് സന്തോഷ് ആലപിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണം ആന്‍ജോ ബെര്‍ലിനാണ്.

പ്രശോഭ് വിജയനാണ് അന്വേഷണം സംവിധാനം ചെയ്തിരിക്കുന്നത്. ലില്ലി എന്ന സിനിമയ്ക്ക് ശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത് നവാഗതനായ ഫ്രാന്‍സിസ് തോമസ് ആണ്. പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതി രാമചന്ദ്രനും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും അന്വേഷണത്തിനുണ്ട്.‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ജനുവരി 31 ന് സിനിമ തിയറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook