തൊടുപുഴ: വര്‍ഷമായി തങ്ങളെ സഹായിക്കുന്ന മഹാനടനെ നേരില്‍ കാണാന്‍ കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറിയുമായി അവരെത്തി. മൂന്നാര്‍ കുണ്ടള മുതുവാക്കുടിയിലെ ആദിവാസികള്‍ക്കു നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിനായാണ് ആദിവാസികള്‍ മലയാളത്തിന്‍റെ മഹാനടന്‍റെ അടുത്തെത്തിയത്. മൂന്നാര്‍ ട്രൈബല്‍ ജനമൈത്രി പോലീസില്‍നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണു മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ പൂര്‍വികം പദ്ധതി വഴി സഹായമെത്തിച്ചത്.

 

ഉപകരണങ്ങള്‍ സ്വീകരിക്കാനായി എ.കെ. ചിന്നസ്വാമിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം മമ്മൂട്ടി അഭിനയിക്കുന്ന പരോള്‍ എന്ന സിനിമയുടെ മുട്ടം മലങ്കരയിലുള്ള ഷൂട്ടിങ് സെറ്റിലെത്തുകയായിരുന്നു.

മൂന്നാര്‍ കുണ്ടളക്കുടി കോളനിയില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെട്ടുവെങ്കിലും കാട്ടാന വഴി തടസ്സപ്പെടുത്തിയതിനാല്‍ ഉച്ചയോടെയാണ് മൂപ്പന്‍ എകെ ചിന്നസാമിയും കൂട്ടരും തൊടുപുഴയിലെത്തിയത്. പ്രിയ താരത്തെ കാണണമെന്നും ഒരുപിടി കാര്യങ്ങള്‍ പറയണമെന്നുമുള്ള അവരുടെ ആഗ്രഹം സഫലമായി. മൂപ്പന്‍റെയും സംഘത്തിന്‍റെയും പ്രധാന ആവശ്യമായിരുന്ന കാര്‍ഷികോപകരണങ്ങളായിരുന്നു കാണാനെത്തിയവര്‍ക്കുള്ള മമ്മൂട്ടിയുടെ സമ്മാനം. ആദിവാസി കുടികളില്‍ രോഗനിര്‍ണയത്തിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ടെലി മെഡിസിന്‍ സൗകര്യമൊരുക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.

2012 ല്‍ ഇടമലക്കുടി, കുണ്ടളക്കുടി എന്നീ ആദിവാസി ഗ്രാമങ്ങളെ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ദത്തെടുത്തിരുന്നു. ഇവിടെ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സിനിമാ തിരക്കിനിടയിലും തങ്ങളെ സഹായിക്കാന്‍ മനസ്സ് കാണിക്കുന്ന താരത്തിന് മൂപ്പന്‍ നന്ദി പറഞ്ഞു.

ഊരില്‍ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികള്‍ മമ്മൂട്ടിക്ക് മൂപ്പന്‍ സമ്മാനിച്ചു. സിനിമാ ചിത്രീകരണം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മുപ്പനെയും കൂട്ടരെയും മമ്മൂട്ടി താന്‍ അഭിനയിക്കുന്ന പരോള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ കൊണ്ട് പോയി. പിന്നീട് അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് മടക്കി അയച്ചത്.

വീഡിയോ കടപ്പാട്: ന്യൂസ്‌ 18 കേരള

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ