കൗതുകങ്ങളുടെ തിളക്കമുള്ള നക്ഷത്രക്കണ്ണുകൾ, എരിയുന്ന അഗ്നിയെ പോലും തൊട്ടു നോക്കാൻ കൊതിക്കുന്ന കുഞ്ഞിളം കൈകൾ. ആരെങ്കിലും കാൽ തെന്നി വീഴുന്നതു കാണുമ്പോൾ പോലും കൈക്കൊട്ടി ചിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കത – കുഞ്ഞുങ്ങളുടെ ലോകത്തെ കൗതുകങ്ങൾ ഒരിക്കലും ‘തിരിച്ചറിവു’കളുടെ അടിത്തറയ്ക്ക് മുകളിൽ കെട്ടിപ്പടുത്തവയല്ല. തിരിച്ചറിവുകളോടെ അവരുടെ കുസൃതികൾ വീക്ഷിക്കുന്ന ഓരോ മനുഷ്യനും പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഭയം തോന്നുക സ്വാഭാവികമാണ്.

അതു കൊണ്ടു തന്നെയാണ്, ജനലിൽ വലിഞ്ഞു കയറി, സോഫയിലേക്ക് എടുത്തു ചാടി, തലക്കുത്തി മറിഞ്ഞ് കുഞ്ഞുങ്ങൾ അവരുടെ കൗതുക ലോകത്ത് വിഹരിക്കുമ്പോൾ, മാതാപിതാക്കൾ ഉൾഭീതികളോടെ ആ കുഞ്ഞു കാലടികളെ പിന്തുടരുന്നത്. വികൃതിയായ ഓരോ കുസൃതിക്കുട്ടിയും കണ്ണു തെറ്റിയാൽ വീണു പോയേക്കാവുന്ന അപകടങ്ങളെ കുറിച്ച്, ആ അപകടങ്ങൾ സമ്മാനിച്ചേക്കാവുന്ന തീരാവേദനയെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധ്യമുണ്ട്. ബോധ്യത്തേക്കാൾ, പലപ്പോഴും അതൊരു പേടിസ്വപ്നമാണ്.

എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന അത്തരമൊരു ഭയത്തെ ഒരിക്കൽ കൂടി തിരശ്ശീലയിലെത്തിക്കുകയാണ് വിനോദ് കാപ്രി എന്ന സംവിധായകൻ ‘പിഹു’ വിലൂടെ. ഒരു രണ്ടു വയസ്സുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ടാൽ എങ്ങനെ പെരുമാറും, എന്തൊക്കെ ചെയ്തേക്കാം തുടങ്ങിയ ഭയപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമേകുന്ന ദൃശ്യങ്ങളുമായി ‘പിഹു’ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്.

എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള ഒരു ഭയത്തെ, പ്രായഭേദമന്യേ ഏതു പ്രേക്ഷകനും താദാത്മ്യം പ്രാപിക്കാവുന്ന ഒരു അവസ്ഥയുടെ ഭയാനകതയെ അഡ്രസ് ചെയ്യുകയാണ് ‘പിഹു’ എന്ന ചിത്രം. ഫ്ലാറ്റിൽ അകപ്പെട്ടുപോയ ആ രണ്ടു വയസ്സുകാരി ഒരപകടവും കൂടാതെ എങ്ങനെ രക്ഷപ്പെടും എന്ന ആകാംക്ഷയോടെയാവും ‘പിഹു’വിനെ പ്രേക്ഷകർ വരവേൽക്കുക.

റോണി സ്ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ശിൽപ്പ ജിൻഡാലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യോഗേഷ് ജൈനിയാണ് സിനിമാറ്റോഗ്രാഫർ. സംഗീതം വിഷാൽ ഖുറാന.മൂന്നു വയസ്സുകാരിയായ മൈറ വിശ്വകർമ്മയാണ് ‘പിഹു’ ആയി എത്തുന്നത്. കുഞ്ഞു മൈറയുടെ ആദ്യസിനിമയാണ് ‘പിഹു’.

Read More: ഫ്ളാറ്റിനകത്ത് ഒറ്റയ്ക്കായി പോയ രണ്ടുവയസ്സുകാരി; ‘പിഹു’വിന്റെ ഞെട്ടിക്കുന്ന ട്രെയിലർ

അപകടത്തിൽപ്പെടുന്ന കുട്ടികളെ കുറിച്ച് ഇത്തരം ഴോണറിലുള്ള സിനിമകൾ മുൻപും ഉണ്ടായിട്ടുണ്ട്. 1990 ല്‍ ജോണ്‍ പോള്‍ രചിച്ച് ഭരതന്‍ സംവിധാനം ചെയ്ത ‘മാളൂട്ടി’യും പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ചിത്രങ്ങളിലൊന്നായിരുന്നു. ജയറാം, ഉര്‍വശി, കെ പി എ സി ലളിത, ബേബി ശ്യാമിലി എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ വന്ന ഈ ചിത്രം ‘മാളൂട്ടി’ എന്ന പെണ്‍കുഞ്ഞിന്‍റെ കഥയാണ് പറഞ്ഞത്. അച്ഛനുമമ്മയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഒരു റിസോര്‍ട്ടില്‍ എത്തിയ മാളൂട്ടി കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആഴമുള്ള ഒരു കുഴിയില്‍ വീഴുന്നതും പിന്നീടുള്ള രക്ഷാപ്രവര്‍ത്തനങ്ങളും സാഹസികമായി കുഞ്ഞിനെ പുറത്തെടുക്കുന്നതിനെ കുറിച്ചുമൊക്കെയാണ് ചിത്രം സംസാരിച്ചത്.

നയന്‍താരയെ നായികയാക്കി ഗോപി നൈനാര്‍ സംവിധാനം ചെയ്ത ‘അറം’ എന്ന ചിത്രത്തിന്റെ പ്രമേയവും ഇതു തന്നെയായിരുന്നു. തമിഴ് നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി ബോര്‍വെല്ലിനായി കുഴിച്ച കുഴിയിലേക്ക് വീഴുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാൻ എത്തുന്ന ജില്ലാ കളക്ടറുടെ സമയോചിതമായ ബുദ്ധിയും ഇടപെടലും പ്രതിഷേധവും കാരണം കുട്ടിയുടെ ജീവന് ആപത്തൊന്നും സംഭവിക്കാതെ കുട്ടിയെ രക്ഷിക്കുന്നതുമാണ് ‘അറം’ എന്ന ചിത്രത്തിന്റെ കഥാപരിസരം. ചിത്രത്തിൽ നയന്‍താര അവതരിപ്പിച്ച മതിവദനി എന്ന കര്‍മ്മനിരതയായ ജില്ലാ കളക്ടറുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു.

Read More: നയന്‍‌താരയുടെ പുതിയ ചിത്രം ‘അറം’ മലയാളത്തിലെ ‘മാളൂട്ടി’യുടെ കോപ്പിയോ?

‘മാളൂട്ടി’ വ്യക്തിഗതവവും ഇമോഷണലുമായൊരു ഭാവുകത്വത്തെ സ്പർശിച്ചപ്പോൾ, ‘അറം’ സാമൂഹികവും രാഷ്ട്രീയവുമായ ഒരു കഥാപരിസരത്തിൽ നിന്നാണ് പ്രേക്ഷകരുമായി സംവദിച്ചെന്നു മാത്രം. സിനിമ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ എന്തു തന്നെ ആയാലും, ഇത്തരം സിനിമകൾ ചില ഭയങ്ങളെ അതിജീവിക്കാൻ കൂടി പ്രേക്ഷകനെ പ്രാപ്തരാക്കുകയാണ്. ഒപ്പം തിരിച്ചറിവുകളെ ലോകത്തേക്ക് കുഞ്ഞുങ്ങൾ പിച്ചവെച്ചു എത്തുന്നതു വരെ ഓരോ കുഞ്ഞിനു ചുറ്റും എത്രത്തോളം കരുതൽ ആവശ്യമാണെന്ന് പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നു കൂടിയുണ്ട് ഇത്തരം ചിത്രങ്ങൾ. പാരന്റിംഗ് ഒരു അവസരമല്ലെന്നും അതൊരു ഉത്തരവാദിത്വമാണെന്നും ജാഗരൂകതയോടെ ‘കൗതുകങ്ങളുടെ കുട്ടിപറുദ്ദീസ’കൾക്ക് നമ്മൾ കാവലിരിക്കേണ്ടതുണ്ടെന്ന് കൂടി ഒരിക്കൽ കൂടി ഓർക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook