മലയാള സിനിമയിലേക്ക് ആദ്യമായി ട്രാൻസ്ജെൻഡർ നായികയെത്തുന്നു. മമ്മൂട്ടി നായകനാവുന്ന ‘പേരൻപി’ലെ നായികയായിട്ടാണ് അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ നായിക മലയാളത്തിലേക്കെത്തുന്നത്. ”കുട്ടിക്കാലത്ത് സിനിമ കാണുമ്പോഴെല്ലാം അതിലെ നടിമാരുടെ സൗന്ദര്യം നോക്കിയിരിക്കുമായിരുന്നു. ശോഭനയുടെയും മഞ്ജു വാര്യരുടെയുമൊക്കെ സൗന്ദര്യം വല്ലാതെ ഭ്രമിപ്പിച്ചു. അവരെപ്പോലെയാവണമെന്ന് ആഗ്രഹിച്ചു”വെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞു.

”പേരൻപിന്റെ ഷൂട്ടിങ് ചെന്നൈയിലായിരുന്നു. ആദ്യ സീൻ തന്നെ മമ്മുക്കയുടെ കൂടെയായിരുന്നു. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ നല്ല പരിഭ്രമമുണ്ടായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ റിഹേഴ്സലാണെന്നു കരുതി. പക്ഷേ അത് ശരിക്കുളള ടേക്കായിരുന്നു. പിന്നെ മമ്മുക്ക എന്നെ നന്നായി സപ്പോർട്ട് ചെയ്തു. ഇനി ആരോടും ഒരു ട്രാൻസ്ജെൻഡർ എന്നു പറയേണ്ടെന്ന് മമ്മുക്ക ഉപദേശിച്ചിട്ടുണ്ട്. എന്നെ കാണുമ്പോൾ ഒരു ട്രാൻസ്ജെൻഡറായിട്ട് തോന്നാറില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. കാഴ്ചയിൽ വലിയ വ്യത്യാസമൊന്നും ഇല്ലാത്തതുകൊണ്ട് സമൂഹത്തിൽനിന്ന് അധികം ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടില്ല”.

”ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ അനുഭവിച്ചിട്ടുണ്ട്. അതോർത്ത് ഇപ്പോഴും കരയും. വീട്, വീട്ടുകാർ, കൂട്ടുകാർ അതെല്ലാം എനിക്ക് നഷ്ടമായി. എന്നൊക്കെ ഞാൻ കരയുന്നുവോ പിറ്റേന്ന് അതിനെക്കാളൊക്കെ ഇരട്ടി എനർജിയുമായി എഴുന്നേൽക്കാറുമുണ്ട്. അതുകൊണ്ട് കരയുന്നത് ഞാൻ മോശമായി കാണുന്നില്ല. കരയേണ്ടപ്പോൾ കരയണം. ഒരു വികാരവും അടക്കിവെക്കരുത്. ഒറ്റ ജീവിതമേയുളളൂ. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക. അതാണ് എന്റെ ചിന്ത”.

anjaly ameer, transgender actress

”എനിക്കൊരു പ്രണയമുണ്ട്. കോഴിക്കോട്ടുകാരനാണ്. എന്നെ അദ്ദേഹം ഒരുപാട് സ്നേഹിക്കുന്നുണ്ട്. പ്രണയമെനിക്കൊരു പോസിറ്റീവ് എനർജി തരുന്നു. ഇപ്പോൾ ജീവിക്കണം, ജീവിതത്തോട് പോരാടണം എന്നൊക്കെയുളള ചിന്തയുണ്ട്. എന്റെ സങ്കൽപത്തിൽ പ്രണയത്തിന്റെ ഒടുക്കം വിവാഹമല്ല. പ്രണയിക്കുന്നവർ ഒരിക്കലും വിവാഹം ചെയ്യരുത്. വിവാഹത്തോടെ പ്രണയം അവസാനിച്ചുപോവും. അവിടെ പിന്നെ കടമകളും ബാധ്യതകളുമേ ഉണ്ടാവൂ. ലിവിങ് ടുഗതറായി ജീവിക്കുമ്പോൾ കിട്ടുന്ന പ്രണയമൊന്നും വിവാഹത്തിൽ കിട്ടില്ല. ഞാനെന്തായാലും വിവാഹം കഴിക്കാനൊന്നും ആഗ്രഹിക്കുന്നില്ലെ”ന്നും അഞ്ജലി അഭിമുഖത്തിൽ വ്യക്തമാക്കി.

anjaly ameer, transgender actress

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook