Latest News

Trance, Paapam Cheyyathavar Kalleriyatte, Shubh Mangal Zyada Saavdhan and Bhoot Review: ഈ ആഴ്ചയിലെ റിലീസ് ചിത്രങ്ങൾ റിവ്യൂ ഒറ്റനോട്ടത്തിൽ

Trance, Paapam Cheyyathavar Kalleriyatte, Shubh Mangal Zyada Saavdhan and Bhoot Review: ഈ ആഴ്ച പ്രദർശനത്തിനെത്തിയ ‘ട്രാൻസ്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘ശുഭ് മംഗൾ സ്യാധാ സാവധാൻ’, ‘ഭൂത് -പാർട്ട് വൺ: ദ ഹോണ്ടഡ് ഷിപ്പ്’ എന്നീ ചിത്രങ്ങളുടെ റിവ്യൂ ഒറ്റനോട്ടത്തിൽ

trance movie review, shubh mangal zyada saavdhan film review, Paapam Cheyyathavar Kalleriyatte Movie Review, Bhoot The Haunted Ship movie review

Trance, Paapam Cheyyathavar Kalleriyatte, Shubh Mangal Zyada Saavdhan and Bhoot Review: ഈ ആഴ്ച പ്രദർശനത്തിനെത്തിയ മലയാളചിത്രങ്ങളായ ‘ട്രാൻസ്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ആയുഷ്മാൻ ഖുറാന നായകനാവുന്ന ഹിന്ദി ചിത്രം ‘ശുഭ് മംഗൾ സ്യാധാ സാവധാൻ’, വിക്കി കൗശാലിന്റെ ‘ഭൂത് -പാർട്ട് വൺ: ദ ഹോണ്ടഡ് ഷിപ്പ്’ എന്നീ ചിത്രങ്ങളുടെ റിവ്യൂ ഒറ്റനോട്ടത്തിൽ.

Trance Malayalam Movie Review: കാലികപ്രസക്തമായ വിഷയവും ഫഹദിന്റെ അഭിനയമികവും; ട്രാൻസ് റിവ്യൂ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയ ചിത്രമാണ് അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ ടീമിന്റെ ‘ട്രാന്‍സ്’. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയം, ഫഹദിന്റെ സമാനതകളില്ലാത്ത അഭിനയമികവ്, സാങ്കേതികവശങ്ങളിലെ മികവ് എന്നിവയാണ് ചിത്രത്തെ സംബന്ധിച്ച് എടുത്തുപറയേണ്ട കാര്യങ്ങൾ. ഒരു മോട്ടിവേഷണൽ സ്പീക്കറായ വിജു പ്രസാദ് എന്ന സാധാരണക്കാരനിൽ നിന്നും കോടിക്കണക്കിന് വിശ്വാസികളുടെ ആശ്രയമായ ജോഷ്വോ കാൾട്ടൻ എന്ന വ്യാജ പാസ്റ്ററിലേക്കുള്ള വളർച്ചയുടെ കഥയാണ് ചിത്രം പറയുന്നത്. ഭക്തിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പിറകിൽ നടക്കുന്ന ബിസിനസുകളുടെയും കള്ളത്തരങ്ങളുടെയും ഇരുണ്ട വശങ്ങൾ തുറന്നുകാട്ടുകയാണ് ചിത്രം. മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നായി മാറുന്നതെങ്ങനെയെന്നതിനെ വിമർശനാത്മകമായി സമീപിക്കുന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത് ഏറെ കാലിക പ്രസക്തമായൊരു വിഷയമാണ്.

നൂറു ശതമാനവും ഒരു ഫഹദ് ഫാസിൽ ഷോയാണ് ‘ട്രാൻസ്’. സമാനതകളില്ലാത്ത രീതിയിൽ വിജു പ്രസാദ്, ജോഷ്വോ കാൾട്ടൻ എന്നിങ്ങനെ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ട് ഫഹദ്. ഓരോ സിനിമ കഴിയുമ്പോഴും പ്രേക്ഷകരെ കൂടുതൽ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്ന ഫഹദ് മാജിക്ക് ഈ ചിത്രത്തിലും കാണാം. ആദ്യ ഫ്രെയിം മുതൽ അവസാന ഫ്രെയിം വരെ ചിത്രത്തിൽ നിറഞ്ഞാടുകയാണ് ഫഹദ്. ഏറെ കയറ്റിറക്കങ്ങളിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയും കടന്നുപോകുന്ന തന്റെ കഥാപാത്രത്തെ മറ്റാർക്കും തന്നെ അവതരിപ്പിക്കാനാവാത്ത രീതിയിൽ വേറൊരു തലത്തിലേക്ക് കൊണ്ടുപോവുന്നുണ്ട് ഫഹദ്. ഫഹദിന്റെ പ്രകടനം കാണാൻ വേണ്ടി മാത്രം ടിക്കറ്റെടുത്താലും നഷ്ടമാവില്ല.

ഫഹദിനെ അപേക്ഷിച്ച് താരതമ്യേന സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും അയലത്തെ പെൺകുട്ടി എന്ന തന്റെ ഇമേജിനെ മറികടക്കാൻ നസ്രിയയെ സഹായിക്കുന്നുണ്ട് ചിത്രത്തിലെ എസ്തർ ലോപ്പസ് എന്ന കഥാപാത്രം. ദിലീഷ് പോത്തൻ, വിനായകൻ, ശ്രീനാഥ് ഭാസി എന്നിവരുടെ പ്രകടനവും മികവു പുലർത്തുന്നുണ്ട്. അമൽ നീരദിന്റെ ഛായാഗ്രഹണം, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം, ജാക്‌സണ്‍ വിജയന്‍- സുഷിന്‍ ശ്യാം ടീമിന്റെ ത്രസിപ്പിക്കുന്ന സംഗീതം എന്നിവയും ചിത്രത്തിന്റെ പ്ലസ് ആണ്.

കേരളത്തിന്റെ സാഹചര്യത്തിൽ ആരുമൊന്ന് തൊടാൻ ഭയക്കുന്ന വിഷയമാണ് മതം എന്നത്. അത്തരമൊരു പ്രമേയത്തെ ധൈര്യപൂർവം സമീപിച്ചു എന്നതിനാണ് സംവിധായകൻ അൻവർ റഷീദ് കയ്യടി അർഹിക്കുന്നത്. അതേസമയം, സിനിമ എന്ന രീതിയിൽ പ്രേക്ഷകർക്ക് പൂർണസംതൃപ്തി നൽകുന്ന രീതിയിൽ ചിത്രം ഒരുക്കുന്നതിൽ അൻവർ പരാജയപ്പെടുകയാണ്. രണ്ടാം പകുതിയിൽ ദുർബലമാകുന്ന കഥയും ഇഴച്ചിലും എവിടെ കൊണ്ടുപോയി അവസാനിപ്പിക്കണം എന്ന വ്യക്തത ഇല്ലാതെ ചിത്രീകരിച്ച ക്ലൈമാക്സും സമയദൈർഘ്യവും ചിത്രത്തെ പ്രേക്ഷകരിൽ നിന്നും അകറ്റുകയാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ, ഒരു കംപ്ലീറ്റ് എന്റർടെയിനർ പ്രതീക്ഷ വച്ച് പോകുന്നവരെ ‘ട്രാന്‍സ്’ നിരാശരാക്കിയേക്കാം.

Read more: Trance Movie Review: ധീരമായ പരീക്ഷണം, ‘ട്രാന്‍സ്’ പക്കാ ഫഹദ് ഷോ; റിവ്യൂ

Paapam Cheyyathavar Kalleriyatte Malayalam Movie Review: അവിഹിതങ്ങളുടെ ‘അയ്യരുകളി’യും സാമൂഹിക വിമർശനവും; ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ റിവ്യൂ

മലയാളികളുടെ കപട സദാചാരബോധത്തെയും വരേണ്യ വർഗ്ഗത്തിന്റെ ആഡംബര ജീവിതത്തെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വിമർശിക്കാനും നോക്കിക്കാണാനും ശ്രമിക്കുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. എന്നാൽ സംവിധാനത്തിലും മേക്കിംഗിലും സംവിധായകന് കയ്യടക്കം നഷ്ടപ്പെടുമ്പോൾ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന കഥാ പരിസരങ്ങളും പാളിപ്പോയ കോമഡികളുമായി വിരസമായൊരു കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

ശംഭു പുരുഷോത്തമനാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ശാന്തി ബാലചന്ദ്രൻ, അരുൺ കുര്യൻ, വിനയ് ഫോർട്ട്, ടിനി ടോം, അലൻസിയർ, മധുപാൽ, ജോളി ചിറയത്ത്, മധുപാൽ, ജെയിംസ് ഇലിയ, അനുമോൾ, അനിൽ നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന കല്യാണ ഉറപ്പിക്കൽ രംഗത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്.സ്ത്രീധനം മാത്രം ലക്ഷ്യമാക്കി നടക്കുന്ന ആ കല്യാണത്തിനു പിന്നിലെ കഥകളിലൂടെ സഞ്ചരിക്കുന്ന ചിത്രം കേരളത്തിലെ മധ്യവർഗ-വരേണ്യ-പ്രമാണി വിഭാഗത്തിലുള്ളവർ കല്യാണത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഡംബരങ്ങളെയൊക്കെ ആക്ഷേപിക്കുന്നുണ്ട്. തുടർന്ന് അപ്രതീക്ഷിതമായി എത്തുന്ന ഒരതിഥി വെളിപ്പെടുത്തുന്ന രഹസ്യങ്ങളിലൂടെ രണ്ടു കുടുംബങ്ങളിലും നടക്കുന്ന അവിഹിത ബന്ധങ്ങളും പൂർവകാല കള്ളക്കളികളുമെല്ലാം ഓരോന്നായി വെളിവാക്കപ്പെടുകയാണ്. രണ്ടു കുടുംബങ്ങളിലെയും അംഗങ്ങളുടെ രഹസ്യ അവിഹിത ബന്ധങ്ങളും, അത് മറച്ചു വെക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രം പിന്നെ പറയുന്നത്.

മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ പ്രണയം, കാമം മുതലായവയെ കുടുംബ മഹിമ, സദാചാരം തുടങ്ങിയ അളവുകോലുകൾ വെച്ച് നിയന്ത്രിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളെ രസകരമായി അവതരിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. എന്നാൽ ആസ്വാദകരെ പിടിച്ചിരുത്തുന്ന ഘടകങ്ങളുടെ അഭാവം ചിത്രത്തെ വിരസമാക്കും. എല്ലാവരുടെ ഉള്ളിലും കള്ളത്തരം ഉണ്ടെന്നു കാണിക്കാനുള്ള വ്യഗ്രത കഥാപാത്രങ്ങളിലും സന്ദർഭങ്ങളിലും കൃത്രിമത്വം തോന്നിപ്പിക്കുന്നു.

Read more: Paapam Cheyyathavar Kalleriyatte Movie Review: സദാചാരബോധങ്ങളെ ആക്ഷേപിക്കുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; റിവ്യൂ

Shubh Mangal Zyada Saavdhan review: സ്വവർഗപ്രണയത്തിന്റെ കഥയുമായി ‘ശുഭ് മംഗള്‍ സ്യാധാ സാവ്ദാൻ’; റിവ്യൂ

ബോളിവുഡ് സിനിമയുടെ മാറുന്ന മുഖങ്ങളിൽ ഒരാളാണ് ആയുഷ്മാൻ ഖുറാന. മറ്റു സൂപ്പർസ്റ്റാറുകൾ തൊടാൻ മടിക്കുന്ന വിഷയങ്ങളാണ് പലപ്പോഴും ആയുഷ്മാൻ ഖുറാന ധൈര്യപൂർവ്വം ഏറ്റെടുക്കുന്നത്. ഇന്നലെ റിലീസിനെത്തിയ ‘ശുഭ് മംഗള്‍ സ്യാധാ സാവ്ദാൻ’ എന്ന ചിത്രവും ആ ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. സ്വവർഗപ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

പരസ്പരം സ്നേഹിക്കുന്ന രണ്ടു പുരുഷന്മാർ നമ്മുടെ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. കാർത്തിംഗ് സിംഗ് എന്ന കഥാപാത്രമായി ആയുഷ്മാൻ എത്തുമ്പോൾ ജിതേന്ദ്രകുമാറാണ് ആയുഷ്മാന്റെ പ്രണയിതാവായ അമൻ ത്രിപാഠിയെ അവതരിപ്പിക്കുന്നത്. കാർത്തിംഗും അമനും തമ്മിലുള്ള പ്രണയം സമൂഹത്തിനു മുന്നിൽ തുറന്നുപറയേണ്ടി വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.

ആയുഷ്മാന്റെയും ജിതേന്ദ്രകുമാറിന്റെയും അഭിനയം തന്നെയാണ് ചിത്രത്തിനെ ആകർഷകമാക്കുന്നത്. രസകരമായ നർമമൂഹൂർത്തങ്ങളും പ്രേക്ഷകരുടെ ഇഷ്ടം കവരും. ജിതേന്ദ്രകുമാറിന്റെ അമ്മയുടെ വേഷത്തിൽ എത്തുന്ന നീന ഗുപ്തയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. റോമിയോ- ജൂലിയറ്റ്, ജാക്ക് -ജിൽ, സിമ്രാൻ- രാജ് എന്നിങ്ങനെ എതിർലിംഗമുള്ളവർക്കിടയിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല പ്രണയമെന്നും അതിനുമപ്പുറം നിറം, സാമ്പത്തികം, ലിംഗഭേദം എന്നിവയ്ക്ക് അപ്പുറം സഞ്ചരിക്കുന്ന ഒരു വികാരമാണതെന്ന് കൂടിയാണ് ചിത്രം പറയുന്നത്.

റിവ്യൂ ഇവിടെ വായിക്കാം: Shubh Mangal Zyada Saavdhan review: The chase of love

 

Bhoot review: ‘ഭൂതി’നെ രക്ഷിക്കുന്ന വിക്കി കൗശൽ; റിവ്യൂ

ബോളിവുഡിന്റെ സ്ഥിരം ഹൊറർ ചിത്രങ്ങളുടെ മാതൃത പിൻതുടരുന്ന ചിത്രമാണ് ‘ഭൂത്’. ഭാര്യയേയും മകളെയും അപകടത്തിൽ നഷ്ടപ്പെട്ട ഒരു ഷിപ്പിംഗ് ഓഫീസറാണ് പൃഥ്വി (വിക്കി കൗശാൽ). കുടുംബം നഷ്ടപ്പെട്ടതിനു കാരണം താനാണെന്ന് വിശ്വസിക്കുകയും ഏറെ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ആളാണ് പൃഥ്വി. മുംബൈ തീരത്ത് സീ ബേർഡ്‌ എന്ന പ്രേതബാധയുള്ളൊരു കപ്പൽ വന്നടിയുന്നതും അതുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൃഥ്വി അവിടെ എത്തുകയും ചെയ്യുന്നതോടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കഥയും തിരക്കഥയും ട്രീറ്റുമെന്റുമെല്ലാം വലിയ പുതുമകളില്ലാതെയാണ് മുന്നോട്ടു പോവുന്നത്. ചിത്രത്തെ രക്ഷിക്കുന്ന വിക്കി കൗശലിന്റെ അഭിനയം മാത്രമാണെന്ന് പറയേണ്ടി വരും.

റിവ്യൂ ഇവിടെ വായിക്കാം: Bhoot review: Vicky Kaushal is the saving grace of this horror film

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Trance paapam cheyyathavar kalleriyatte shubh mangal zyada saavdhan and bhoot review roundup

Next Story
ഐശ്വര്യയ്ക്കിഷ്ടം മമ്മൂക്കയേയും ലാലേട്ടനെയും, പൃഥ്വിരാജിന് അഞ്ജലി മേനോൻAishwarya Lekshmi, Prithviraj, Mammootty, Mohanlal, Anjali Menon, Nazriya Nazim, most desirable, kochi times most desirable man 2019, Kochi Times Most Desirable Women of 2019, Times of India, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com