അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ‘ട്രാൻസ്’ അടക്കം അഞ്ച് മലയാള ചിത്രങ്ങൾ 51ാമത് ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ആകെ 23 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലേക്ക് ഫീച്ചർ വിഭാഗത്തിൽ തിരഞ്ഞെടുത്തത്. ഇതിൽ മൂന്ന് ചിത്രങ്ങൾ മെയിൻസ്ട്രീം സിനിമ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തത്.
Happy to announce the selection of 23 Feature and 20 non-feature films in Indian Panorama of 51st IFFI. @MIB_India pic.twitter.com/Kx0acUZc3N
— Prakash Javadekar (@PrakashJavdekar) December 19, 2020
ട്രാൻസിനു പുറമെ, നിസാം ബഷീർ സംവിധാനം ചെയ്ത് ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’, മുസ്തഫ സംവിധാനം ചെയ്ത് അന്ന ബെൻ പ്രധാന വേഷത്തിലെത്തിയ ‘കപ്പേള’, പ്രദീപ് കളിപ്പുറയത്ത് സംവിധാനം ചെയ്ത ‘സേഫ്’, സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത ‘താഹിറ’ എന്നിവയാണ് പനോരമയിലേക്ക് തിരഞ്ഞെടുത്ത മലയാളം ഫീച്ചർ സിനിമകൾ. ഇതിൽ കപ്പേള മെയിൻസ്ട്രീം സിനിമ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തത്.
ഇത്തവണ മലയാളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഫീച്ചർ സിനിമകൾ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തത്. മറാത്തി, ഹിന്ദി ഭാഷകളിൽ നിന്ന് മൂന്നും, ബംഗാളി, തമിഴ് ഭാഷകളിൽ നിന്ന് രണ്ടും വീതം സിനിമകളും തിരഞ്ഞെടുത്തു. അസാമീസ്, ഛത്തിസ്ഗഡി, ഇംഗ്ലീഷ്, കന്നഡ, മണിപ്പൂരി, ഒഡിയ, സംസ്കൃതം, തെലുഗു ഭാഷകളിലുള്ള ഓരോ ഫീച്ചർ സിനിമകളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Read More: കോവിഡില്ലാതെ കഴിച്ചു കൂട്ടി; പുതിയ ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായതായി ഡി ക്യു
ദുർബ സഹായ് സംവിധാനം ചെയ്ത ‘ആവർത്തൻ’, തുഷാർ ഹിരണന്ദാനിയുെട ‘സാന്ദ് കി ആംഖ്’, നിതേഷ് തിവാരി സംവിധാനം ചെയ്ത ‘ചിച്ചോർ’ എന്നിവയാണ് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രങ്ങൾ. വൈഭവ് ഖിസ്തി, സുഹ്രുദ് ഗോദ്ബോലെ എന്നിവർ സംവധാനം ചെയ്ത ‘ജൂൺ’, ശശാങ്ക് ഉദാപുർകർ സംവിധാനം ചെയ്ത ‘പ്രവാസ്’, മംഗേഷ് ജോഷിയുടെ ‘കർഖനിസാഞ്ചി വാരി’ എന്നിവയാണ് മറാത്തി ചിത്രങ്ങൾ.
തമിഴിൽ നിന്ന് ഗണേശ് വിനായകൻ സംവിധാനം ചെയ്ത ‘തേൻ’, വെട്രിമാരന്റെ ‘അസുരൻ’ എന്നീ ചിത്രങ്ങളും, ബംഗാളിയിൽ നിന്ന് ശുഭ്രജിത് മിത്രയുടെ ‘അവിജാത്രിക്’, ആതിര മുഖർജിയുടെ ‘ബ്രഹ്മാ ജാനെ ഗോപോൻ കൊമ്മോട്ടി’ എന്നീ ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അസുരൻ, ചിച്ചോർ എന്നിവയാണ് കപ്പേളക്ക് പുറമേ മെയിൻസ്ട്രീം സിനിമ വിഭാഗത്തിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ.
Read More: കേരളവും കിമ്മും തമ്മില്‍; ഒരു വിദേശ സിനിമാക്കാരനെ മലയാളി നെഞ്ചേറ്റിയ കഥ
പ്രിഥ്വി കൊനാനൂർ സംവിധാനം ചെയ്ത ‘പിങ്കി എല്ലി?’ (കന്നഡ), കിരൺ കോണ്ടമദുഗുള സംവിധാനം ചെയ്ത ‘ഗതം’ (തെലുഗു), ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ‘അപ് അപ് ആൻഡ് അപ്’ (ഇംഗ്ലിഷ്), ക്രിപാൽ കാലിതയുടെ ‘ബ്രിഡ്ജ്’ (അസമീസ്), സിദ്ധാർത്ഥ് ത്രിപാഠിയുടെ ‘എ ഡോഗ് ആൻഡ് ഹിസ് മാൻ’ (ഛത്തീസ്ഗഡി), ബോബി വാഹെങ്ബാമിന്റെ ‘എയ്ഗി കോന’ (മണിപ്പൂരി), നിള മാധബ് പാണ്ഡയുടെ ‘കലിറ അതീല’ (ഒഡിയ), വിജീഷ് മണി സംവിധാനം ചെയ്ത ‘നമോ’ (സംസ്കൃതം) എന്നിവയാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഫീച്ചർ സിനിമകൾ.
നോൺ ഫീച്ചർ വിഭാഗത്തിലേക്ക് 20 ചിത്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു മലയാള ചിത്രം മാത്രമാണ് നോൺ ഫീച്ചർ വിഭാഗത്തിൽ ഇന്ത്യൻ പനോരമയിൽ ഇടം നേടിയത്. ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘ഒരു പാതിരാ സ്വപ്നംപോലെ ‘ ആണ് പനോരമയിൽ ഇടം നേടിയ മലയാളം നോൺ ഫീച്ചർ ചിത്രം.