ആലുവ: കാലടി മണപ്പുറത്തു ‘മിന്നൽ മുരളി’ സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ മുഖ്യ സൂത്രധാരൻ പൊലീസ് കസ്റ്റഡിയിൽ. കേസില്‍ രണ്ടാം പ്രതിയായ കാലടി സ്വദേശി കൃഷ്ണദാസാണ് പിടിയിലായത്. പെരുമ്പാവൂരില്‍നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും. മതസ്പര്‍ധ സൃഷ്ടിക്കാനുള്ള ശ്രമം, എപ്പിഡമീസ് ഡിസീസ് ഓര്‍ഡിനന്‍സ്, സ്വത്ത് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തിൽ രാഷ്‌ട്രീയ ബജ്‌റംഗ് ദൾള് ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അങ്കമാലിയില്‍ നിന്നായിരുന്നു രതീഷിനെ പിടികൂടിയത്.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

Read More: Minnal Murali Shooting Set Vandalised: കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഫെഫ്ക; പ്രതികരണവുമായി സിനിമാലോകം

പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആണ് സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ടൊവിനോ തോമസ്‌ നായകനായ ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്കു വേണ്ടി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം ഉണ്ടാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകർക്കപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിനിമാരംഗത്തു നിന്നും നിരവധി പേർ രംഗത്തു വന്നിരുന്നു.

സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചും സംസ്ഥാന കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങിയും ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് ഈ സ്ഥലത്ത് സെറ്റ് നിർമ്മിച്ചതെന്ന് ചലച്ചിത്ര തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഫെഫ്‌ക വ്യക്തമാക്കിയിരുന്നു.

‘ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സമീർ താഹിർ ക്യാമറയും ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.

മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ഓണം റിലീസായി തീയറ്ററുകളിൽ എത്തിക്കാനായി ധൃതിപിടിച്ച് ചിത്രീകരണജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കെ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook