ഉമ്മയുടേയും മകന്റേയും സ്‌നേഹത്തിന്റെ കഥ പറയാന്‍ ടൊവിനോയും ഉര്‍വ്വശിയും വരുന്നു. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ടൊവിനോ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. ടൊവിനോയും ഉര്‍വ്വശിയും ബസില്‍ ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. മലയാളികള്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന ഉര്‍വ്വശിയുടെ കഥാപാത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തു വെക്കാവുന്നതായിരിക്കും ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പ്രതീക്ഷയാണ് പോസ്റ്റര്‍ പങ്കുവെക്കുന്നത്.

പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജോസ് സെബാസ്റ്റ്യനും ശരത് ആര്‍.നാഥും ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്.

ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി ഉര്‍വ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സിനിമയുടെ ടൈറ്റിലില്‍ മാത്രമല്ല, സിനിമയിലും ശ്രദ്ധേയമായൊരു റോള്‍ തന്നെയാണ് ഉര്‍വ്വശിക്കെന്ന വാര്‍ത്തകളാണ് ലഭിക്കുന്നത്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ് ചിത്രം.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറും എഡിറ്റിങ് മഹേഷ് നാരായണനും നിര്‍വ്വഹിക്കും. സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുക. ആന്റോ ജോസഫും സി.ആര്‍.സലിമും ചേര്‍ന്ന് നിര്‍മാണം നിര്‍വഹിക്കും. കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളിലാവും ചിത്രത്തിന്റെ ലൊക്കേഷന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ