ആദിയില്‍ മതിലിലൂടേയും ബില്‍ഡിങ്ങിന് മുകളിലൂടേയുമെല്ലാം ചാടി മറിഞ്ഞ് പ്രണവ് മോഹന്‍ലാല്‍ മലയാളികളെ ഞെട്ടിച്ചതാണ്. എന്നാല്‍ ഇത് പ്രണവിന്റെ മാത്രം കുത്തകയല്ലെന്ന് തെളിയിക്കുകയാണ് ഒരു യുവതാരം. പാര്‍ക്കൗര്‍ പഠിച്ചാണ് പ്രണവ് ചാടി മറിഞ്ഞതെങ്കില്‍ അത് പഠിക്കാതെ തന്നെ അല്‍പ്പസ്വല്‍പ്പമൊക്കെ അഭ്യാസം കാണിക്കാന്‍ തനിക്ക് സാധിക്കുമെന്ന് കാണിച്ചു തരികയാണ് ടൊവിനോ തോമസ്.

പുതിയ ചിത്രമായ കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ടൊവിനോയുടെ വീഡിയോയാണ് വൈറലാവുന്നത്. ഷൂട്ടിങ് ലൊക്കേഷനിലുള്ള ക്രെയിനിങ്ങിന്റെ കൊളുത്തില്‍ ചാടി പിടിച്ച് അനായാസം അഭ്യാസം കാണിക്കുകയാണ് ടൊവിനോ. കൊളുത്തില്‍ പിടിച്ച് തൂങ്ങിയാടുകയും തലകീഴായി കിടക്കുകയുമെല്ലാം ടൊവിനോ ചെയ്യുന്നുണ്ട്. പ്രണവിനൊരു വെല്ലുവിളിയാകുമോ എന്നാണ് വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അഭ്യാസ പ്രകടനത്തിന് പിന്നാലെ സുരക്ഷിതമായി തന്നെ ടൊവിനോ നിലത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ജീവന്‍ ജോബാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ