സാഹസികതയോട് ഏറെ താൽപ്പര്യമുള്ള താരമാണ് യുവതാരം ടൊവിനോ തോമസ്. ‘മിന്നൽ മുരളി’ പോലുള്ള ചിത്രങ്ങളുടെ സംഘടന സീനുകളിലും മറ്റും ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോകൾ മുൻപ് വൈറലാവുകയും ചെയ്തിരുന്നു. ചെങ്കുത്തായ പാറക്കെട്ടിലേക്ക് സാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു.
കുടുംബത്തിനൊപ്പം ചങ്ങാടം തുഴഞ്ഞു പോകുന്ന വീഡിയോയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ലിഡിയയെയും മക്കളെയും വീഡിയോയിൽ കാണാം. ടൊവിനോ ചങ്ങാടം തുഴയുമ്പോൾ പ്രകൃതി ഭംഗി ആസ്വദിക്കുകയാണ് ഭാര്യ ലിഡിയ. രസകരമായ കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്. പറപ്പിച്ച് വിട് പാപ്പാ, കര അങ്ങോടല്ലേ സ്രാങ്കേ തുടങ്ങിയ കമന്റുകൾക്കൊപ്പം ജാക്കറ്റില്ലാതെ കുട്ടികളെ ചങ്ങാടത്തിൽ കയറ്റുന്നത് സുരക്ഷിതമല്ലെന്നും ആരാധകർ പറയുന്നുണ്ട്.
ടൊവിനോയുടെ പുതിയ ലുക്കും ആരാധക ശ്രദ്ധ നേടുകയാണ്. മീശ പിരിച്ചു കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ അതിവേഗമാണ് വൈറലായത്. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിനായുള്ള മേക്കോവറാണെന്നും പറയപ്പെടുന്നുണ്ട്.
ചിയോത്തികാവ് എന്ന പ്രദേശത്തെ കള്ളന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിൽ കുഞ്ഞികേളു എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ജിതിൻ ലാൽ ആണ് സംവിധായകൻ. ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്. സുജിത്ത് നമ്പ്യാർ തിരകഥ എഴുതുന്ന ചിത്രത്തിന്റെ നിർമാണം ഡോക്ടർ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.