ആഫ്രിക്കൻ ട്രിപ്പിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസ്. അവധി ആഘോഷത്തിനിടെ ടൊവിനോ പകർത്തിയ പെൺ സിംഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വിക്റ്റോറിയ ഫാൾസിനു മുകളിൽ നിന്ന് ബഞ്ചി ജമ്പിങ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു. മകൾക്കൊപ്പം ചെയ്ത സിപ്പ് ലൈനിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഒരു കുടുംബചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ നാലു പേരും പ്രത്യക്ഷപ്പെടുന്നത്. ആഫ്രിക്കയിലെ നെൽസൻ മണ്ടേല സ്ക്വയറിൽ നിന്നാണ് ചിത്രം പകർത്തിയത്. നെൽസൻ മണ്ടേലയുടെ വാക്കുകൾ തന്റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലത്തിയിട്ടുണ്ടെന്നും ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
“ഒന്നിനോടും ഭയമില്ലാത്തവനല്ല യഥാർത്ഥ ബുദ്ധിമാൻ, മറിച്ച് അവൻ തന്റെ ഭയത്തെ അതിജീവിക്കുന്നവനാണ്, ഈ വലിയ മനുഷ്യൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. എന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും ഞാൻ വാചകം ഈ ഉപയോഗിച്ചിട്ടുണ്ട്, സിപ്പ് ലൈനിൽ കയറുന്നതിനു മുൻപ് ഞാനെന്റെ മകളോട് പറഞ്ഞതും ഇതേ വാചകം തന്നെയാണ്. അവൾ അത് വളരെ ധൈര്യമായി നേരിടുകയും ചെയ്തു” ടൊവിനോ കുറിച്ചു.
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ആണ് ടൊവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ ‘2018’ ലും ടൊവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തിയേറ്ററുകളിലെത്തും.