കുടുംബത്തോടൊപ്പം ഫിൻലാൻഡ് ട്രിപ്പിലായിരുന്നു മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അച്ഛനും അമ്മയും സഹോദരനും സഹോദരിയും അവരുടെ കുടുംബവുമൊക്കെ താരത്തിനൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ രസകരമായ കുടുംബ ചിത്രങ്ങളും ടൊവിനോ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു. അപ്പന്റെയും അമ്മയുടെയും വിവാഹ വാർഷികവും അതിനിടയിലാണ് ആഘോഷിച്ചത്. കുടുംബം എന്ന ഈ പ്രസ്ഥാനം തുടങ്ങിയിട്ട് 40 വർഷങ്ങളായി എന്നാണ് ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.
അമ്മയുമായി പ്രത്യേക അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് ടൊവിനോ. മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകളറിയിച്ച് താരം ചിത്രം ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിവസവും ആശംസ കുറിപ്പുമായി എത്തിയിരിക്കുകയാണ് ടൊവിനോ.
“ലോക മാതൃദിനം കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കു ശേഷം ഇന്ന് എന്റെ അമ്മയുടെ പിറന്നാൾ. സ്നേഹം, അനുകമ്പ, കരുതൽ തുടങ്ങി എന്നിൽ കാണുന്ന നല്ല വശങ്ങളെല്ലാം അമ്മയാണ്. കൂടുതൽ സമയം അമ്മയ്‌ക്കൊപ്പം ചെലവഴിക്കണമെന്നാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. അമ്മയുടെ ഉദരത്തിൽ ഒരു ദിവസം കൂടുതൽ ഞാൻ നിന്നു, എപ്പോഴും അതങ്ങനെ തന്നെയാണ്. പിറന്നാൾ ആശംസകൾ അമ്മ ” ടൊവിനോ കുറിച്ചു.
ഒരു പ്രാവുമായി നിൽക്കുന്ന അമ്മയുടെ ചിത്രവും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്. താരങ്ങളായ അശ്വതി ശ്രീകാന്ത്, ബേസിൽ ജോസഫ് തുടങ്ങിയവർ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘2018’ ആണ് ടൊവിനോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. 2018 ലെ പ്രളയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി എന്ന റെക്കോർഡ് ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പത്തു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൊയ്തത്. ആസിഫ് അലി, ലാൽ, അപർണ ബാലമുരളി, തൻവി റാം, നരേൻ, ഇന്ദ്രൻസ്, സുധീഷ് തുടങ്ങിയവാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.