/indian-express-malayalam/media/media_files/uploads/2019/04/tovino-kalki.jpg)
യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് തിരക്കിലാണ്, പത്തോളം ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. 'കൽക്കി', ‘ആൻഡ് ദി ഓസ്കാർ ഗോസ്റ്റു’, ‘ഉയരെ’, ‘ലൂക്ക’, ‘വൈറസ്’, ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്', 'മിന്നൽ മുരളി', 'ജോ', 'ആരവം', 'ഫോറന്‍സിക്ക്' എന്നു തുടങ്ങി പത്തു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' ആയിരുന്നു ടൊവിനോയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. 'ഉയരെ'യാണ് ഉടനെ റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രിൽ 26 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്ന മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉയരെ'. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായി പാർവ്വതി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് ഒപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2019/04/tovino-thomas-upcoming-films.jpg)
'ആൻഡ് ദി ഓസ്കാർ ഗോസ് റ്റു', 'വൈറസ്' എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റു ചിത്രങ്ങൾ. 'പത്തേമാരി'ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആൻഡ് ദി ഓസ്കാർ ഗോസ് റ്റു'. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിനു പ്രമേയമാകുന്നതെന്നാണ് റിപ്പോർട്ട്. സിനിമയില്‍ നിലയുറപ്പിക്കാന്‍ കഷ്ടടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം അനു സിത്താര ടൊവിനോയുടെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനവും ബിജിബാല്‍ സംഗീതവും മധു അമ്പാട്ട് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. അലെന്‍സ് മീഡിയ,കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി, ഹരീഷ് കണാരൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
Read more:വിദേശ നായികയ്ക്ക് ഒപ്പം ടൊവിനോ; ‘ആൻഡ് ദി ഓസ്കാർ ഗോസ് റ്റു’ ഫസ്റ്റ് ലുക്ക്
നവാഗതരായ അരുൺ ബോസിന്റെ ‘ലൂക്ക’യും പ്രവീൺ പ്രഭാറാമിന്റെ 'കൽക്കി'യുമാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന രണ്ടു ചിത്രങ്ങൾ. റൊമാന്റിക് എന്റർടെയിനറായ ‘ലൂക്ക’യിൽ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയാവുന്നത്. 'കൽക്കി'യിൽ സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികയാവുന്നത്. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇൻസ്പെക്ടർ ബൽറാമിൽ നിന്നും പ്രചോദനമുൾകൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ‘സെക്കൻഡ് ഷോ’, ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളിൽ സംവിധാനസഹായിയായിരുന്നു പ്രവീൺ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൽക്കി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നലെ റിലീസ് ചെയ്തിരുന്നു. ആഗസ്ത് എട്ടിനാണ് 'കൽക്കി' റിലീസിനെത്തുന്നത്.
സുജിൻ സുജാതനും പ്രവീൺ പ്രഭാറാമും ചേർന്ന് ‘കൽക്കി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതസംവിധാനം ജേക്ക്സ് ബിജോയും നിർവ്വഹിക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന 'വൈറസ്' എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുന്നുണ്ട്. 'ഗോദ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോയും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'മിന്നൽ മുരളി'. 'ബാംഗ്ലൂർഡെയ്‌സ്', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'പടയോട്ടം' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ ആൽബി ഒരുക്കുന്ന ചിത്രമാണ് 'ജോ'. സണ്ണി വെയ്‌നും ടൊവിനോയും പ്രധാന കഥാപാത്രങ്ങളാക്കി 'സ്റ്റാറിങ് പൗര്‍ണമി’ എന്ന ചിത്രം മുൻപ് ആൽബി സംവിധാനം ചെയ്തിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും ടൊവിനോയെ നായകനാക്കി ആൽബി ഒരുക്കുന്ന 'ജോ'യ്ക്ക് സംഗീതം നൽകുന്നത് തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോന്‍ ആണ്.
വള്ളംകളി പ്രമേയമാക്കി നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന 'ആരവം', സുജിത് വാസുദേവ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'ഫോറൻസിക്' എന്നിവയാണ് ടൊവിനോയുടേതായി അനൗൺസ് ചെയ്യപ്പെട്ട മറ്റു ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us