കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ പൃഥ്വിരാജ് ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഇപ്പോള്‍ ചെയ്യുന്നത് യുവ നടന്‍ ടൊവിനോ തോമസ്‌.   പൃഥ്വിരാജിന് പകരം ടൊവിനോ എത്തിയതിന്‍റെ കാരണം വ്യക്തമല്ല. പൃഥ്വിരാജിന്‍റെ തിരക്കുകളായിരിക്കും ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതുന്നു.

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായ ആമിയെ അവതരിപ്പിക്കുമ്പോള്‍ മുരളി ഗോപി അവരുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നു. ടൊവിനോ ചെയ്യുന്ന കഥാപാത്രം ഏതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഇതൊരു ‘എക്സ്ടെന്‍ടെഡ് കാമിയോ’ (അല്പം നീണ്ട അതിഥി വേഷം) ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. കഥയില്‍ നിർണായകമായ ഒന്നാണ്  എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇതുവരെ ടൊവിനോ ചെയ്തിട്ടുള്ളതില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ, പുതുമുഖ സംവിധായകരുടെ സിനിമകളാണ്. ഇതാദ്യമായാണ് ടൊവിനോ ഒരു സീനിയര്‍ സംവിധായകനുമായി സഹകരിക്കുന്നത്.

ഇപ്പോള്‍ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മറഡോണ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ടൊവിനോ. ‘ആമി’ യുടെ കൊൽക്കത്ത ഷെഡ്യൂള്‍ പൂര്‍ത്തിയായി. ബാക്കി ചിത്രീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

Manju Warrier and Murali Gopy in Malayalam Feature Film 'Aami'

മാധവികുട്ടിയായി മഞ്ജു വാര്യരും മാധവ ദാസായി മുരളി ഗോപിയും, ചിത്രം ‘ആമി’

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ കമല്‍ ചിത്രം പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നത്‌. കമല സുരയ്യയുടെ ആത്മകഥാംശമുള്ള ‘ആമി’, പ്രഖ്യാപിച്ചത് മുതല്‍ തന്നെ വര്‍ഗീയ ശക്തികളുടെ എതിര്‍പ്പിന് പാത്രമായിരുന്നു.

മുഖ്യ കഥാപാത്രം ചെയ്യാമെന്ന് ഏറ്റിരുന്ന ബോളിവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ പൊടുന്നനെ പ്രൊജക്ടില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മഞ്ജു വാര്യര്‍ ഈ കഥാപാത്രം ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു. ഈ തീരുമാനത്തെ ചൊല്ലി മഞ്ജുവിന് നേരെയും സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായി. അതിനോട് മഞ്ജു സൗമ്യമായും ശക്തമായിയും ഇങ്ങനെ പ്രതികരിക്കുകയുണ്ടായി.

‘ഞാൻ ഇതിൽ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകൻ കമൽസാറിനെ ചുറ്റിയുളള രാഷ്ട്രീയചർച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമൽ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവർഷത്തിനുശേഷം ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോൾ ഉള്ളിൽ.

ഭാരതത്തിൽ ജനിച്ച ഏതൊരാളെയും പോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തിൽ ദീപാരാധന തൊഴുന്നയാളാണ് ഞാൻ. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോൾ പ്രണമിക്കുകയും ചെയ്യുന്നു.’

അനൂപ്‌ മേനോനും സുപ്രധാനമായ ഒരു വേഷത്തില്‍ എത്തുന്ന ‘ആമി’ യുടെ നിർമാതാക്കള്‍ റാഫേല്‍ പി.തോമസ്‌, റോബന്‍ റോച്ച എന്നിവരാണ്. ക്യാമറ മധു നീലകണ്ഠന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്‌, സംഗീതം എം.ജയചന്ദ്രന്‍, തൗഫീക്ക് ഖുറേഷി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook