ചിലർ സിഗരറ്റ് വലിക്കും. എന്നാൽ, ചിലരെ ‘സിഗരറ്റ് വലിക്കും’. അങ്ങനെ സിഗരറ്റിനാൽ ‘വലിക്കപ്പെട്ട’ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിത കഥയാണ് ‘തീവണ്ടി’ എന്ന സിനിമ.

ചെറുപ്പം മുതലേ സിഗരറ്റ് വലിച്ചു ശീലിച്ച, നാട്ടുകാർ ‘തീവണ്ടി’ എന്നു വിളിക്കുന്ന ബിനീഷിന്റെ കഥയാണ് ചിത്രം പറയുന്നതെങ്കിലും ആ കഥാപാത്രത്തിനെ മാത്രം ചുറ്റിപ്പറ്റിയല്ല ഈ ‘തീവണ്ടി’ ഓടുന്നത്. ‘തീവണ്ടി ബിനീഷി’നു ചുറ്റും തലങ്ങും വിലങ്ങുമോടുന്ന ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങളാണ് കഥയ്ക്ക് കരുത്തു പകരുന്നത്.

Read More: Theevandi Review: ജീവിത ലഹരിയിൽ ഒരു ‘തീവണ്ടി’ യാത്ര

നവജാത ശിശുവിന് തേനും വയമ്പും തൊട്ടു നൽകുന്നതുപോലെ, അറിഞ്ഞോ അറിയാതെയോ സിഗരറ്റ് പുക തൊട്ടു നൽകുന്ന അമ്മാവനായെത്തുന്ന സുധീഷിന്റെയും ബിഎസ്‌സിഎൽ പാർട്ടി അനുഭാവിയും പൊതു പ്രവർത്തകനും നായകന്റെ അളിയനുമായെത്തുന്ന സൈജു കുറുപ്പിന്റെയും കൂടെ സിനിമയാണ് ‘തീവണ്ടി’. സുധീഷിന്റെയും സൈജു കുറുപ്പിന്റെയും ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ കൂട്ടാവുന്നവയാണ് ‘തീവണ്ടി’ യിലെ അമ്മാവനും അളിയനും.

കഥയിലും ഏറെ പ്രാധാന്യമുണ്ട് ഈ അമ്മാവൻ- അളിയൻമാര്‍ക്ക്. നായകന്റെ സിഗരറ്റു വലി ശീലത്തിന് ഗുരുസ്ഥാനത്തു നിൽക്കുകയാണ് സുധീഷിന്റെ അമ്മാവൻ കഥാപാത്രം.​ അതേ സമയം, സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അളിയൻ കഥാപാത്രത്തിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് വേണ്ടിയാണ് ടൊവിനോയുടെ നായക കഥാപാത്രം സിഗരറ്റ് വലി നിറുത്താൻ നിർബന്ധിതനാവുന്നത്. അമ്മാവൻ എന്ന ‘സ്റ്റേഷനിൽ’ നിന്നും അളിയൻ എന്ന ‘ഡെസ്റ്റിനേഷനി’ലേക്ക് പുറപ്പെടുന്ന ഒരു ‘പുകവണ്ടി’യാണ് ടൊവിനോയുടെ തീവണ്ടി ബിനീഷ്.

നിർത്താതെ ചൂളം വിളിച്ച് ‘തീവണ്ടി’ തിയേറ്ററുകളിൽ ഓടുന്നതിന്റെ സന്തോഷത്തിലാണ് അമ്മാവനും അളിയനും. ‘തീവണ്ടി’യുടെ വിശേഷങ്ങളെ കുറിച്ച് സൈജു കുറുപ്പും സുധീഷും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.

കാത്തിരുന്നു കിട്ടിയ കഥാപാത്രം: സുധീഷ്

“കുറേകാലമായി, നടൻ എന്ന രീതിയിൽ അടയാളപ്പെടുത്താവുന്ന ഒരു നല്ല കഥാപാത്രത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. നായകന്റെ സഹപാഠി, കൂട്ടുകാരൻ, അനിയൻ, മാക്സിമം പോയാൽ ഒരു മൂത്ത ചേട്ടൻ… ഇത്തരം കഥാപാത്രങ്ങളുടെ പരിധിയിലും പ്രായത്തിലും ഇമേജിലുമൊക്കെയായിരുന്നു ഇത്ര നാളും. സുധീഷിനെ കണ്ടാൽ പ്രായം തോന്നുന്നില്ലല്ലോ എന്നാണ് എപ്പോഴും ആളുകൾ പറയുന്നത്. ‘തീവണ്ടി’ ആ ഇമേജിനൊരു ബ്രേക്ക് നൽകി.

  • ‘തീവണ്ടി’യിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

സംവിധായകനെയോ അണിയറ പ്രവർത്തകരെയോ മുൻപ് പരിചയമൊന്നുമില്ല. ഫെല്ലിനിയെ​​ ഈ സിനിമയിലാണ് ആദ്യം പരിചയപ്പെടുന്നത്.

സിനിമയുടെ തുടക്കത്തിൽ എന്റെ കഥാപാത്രത്തിനൊരു സീനുണ്ട്. അതു പറഞ്ഞു കേട്ടപ്പോൾ തന്നെ വലിയ സന്തോഷമായി. അടുത്ത കാലത്തൊന്നും എനിക്കിത്ര നല്ല വേഷം കിട്ടിയിട്ടില്ല.

പണ്ട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പുതു തലമുറയൊക്കെ അതോർക്കണം എന്നില്ലല്ലോ. അതോണ്ട് തീർച്ചയായും നല്ലൊരു കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു.​ അങ്ങനെയൊരു ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ‘തീവണ്ടി’ ടീം അവസരം നൽകുന്നത്. അത് മാക്സിമം യൂട്ടലൈസ് ചെയ്തു അഭിനയിച്ചു.

Tovino Thomas Theevandi Saiju Kurup Sudheesh

സംവിധായകനും കഥാപാത്രത്തെ നന്നാക്കാൻ നല്ല രീതിയിൽ ഹെൽപ്പ് ചെയ്തിട്ടുണ്ട്. അവര് ചെറുപ്പക്കാരാണെങ്കിലും നല്ല കഴിവുള്ള ആളുകളാണ്. നാച്യുറൽ ആയിട്ട് ബിഹേവ് ചെയ്യുന്നതൊക്കെ കൂളായി പറഞ്ഞു തന്നു.

എന്നോട് ആദ്യം പറഞ്ഞത്, ഇനി ഷൂട്ടിംഗ് തുടങ്ങും വരെ താടി വടിയ്ക്കേണ്ട എന്നാണ്. താടിയുള്ള ലുക്ക് ആണ്. ബാക്കിയൊക്കെ നമുക്കിവിടെ വന്നിട്ട് പറയാം എന്നും പറഞ്ഞു. ഞാനങ്ങനെ കറുത്ത താടിയൊക്കെ വച്ച് കുട്ടപ്പനായിട്ടാണ് ലൊക്കേഷനിലേക്ക് ചെല്ലുന്നത്.

അമ്മാവൻ റോളാണെന്നു പറഞ്ഞിരുന്നെങ്കിലും താടിയൊന്നും നരക്കാത്ത അധികം പ്രായമില്ലാത്ത അമ്മാവനായിരിക്കും എന്നായിരുന്നു എന്റെ ഒരു വിചാരം. അവിടെ എത്തിയപ്പോൾ പക്ഷേ ഞെട്ടി. മൊത്തത്തിൽ തന്നെയുള്ള മേക്ക് ഓവർ ആയിരുന്നു, പിന്നെ കണ്ടത്. ആ മുണ്ടും ഷർട്ടും കൂടി ഇട്ടപ്പോഴേക്കും​​ അറിയാതെ ആ ക്യാരക്റ്ററായി മാറി എന്നാണ്.

മൂന്നു ഗെറ്റപ്പുണ്ട് എനിക്കതിൽ. ടൊവിനോയുടെ ബാല്യം, കൗമാരം, യൗവ്വനം എന്നിങ്ങനെ മൂന്നു കാലഘട്ടത്തിലും അമ്മാവൻ കഥാപാത്രവും വരുന്നുണ്ട്. ക്യാരക്ടറിന്റെ മോഡുലേഷൻ ഒക്കെ സംവിധായകൻ കൃത്യമായി പറഞ്ഞിരുന്നു. കഥാപാത്രത്തിന്റെ മാനറിസങ്ങൾക്ക് അനുസരിച്ചുള്ള ബോഡീ ലാംഗ്വേജ് ആണ് കഥാപാത്രത്തിന്.

ഒരു കിടിലൻ കക്ഷിയാണ് ഈ അമ്മാവൻ. മൂപ്പർക്ക് ഒന്നും പ്രശ്നമല്ല. മറ്റുള്ളവര് വല്യവല്യ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിനിടയിൽ വന്ന് കഞ്ഞിയുണ്ടോ? ഉപ്പേരിയുണ്ടോ? എന്നൊക്കെ ചോദിച്ചുപോവുന്ന, ഒന്നും വല്യ കാര്യമാക്കാത്ത ഒരു മനുഷ്യൻ. മൂപ്പര് പുക വലിച്ചും കള്ളു കുടിച്ചും ചുറ്റുമുള്ളതിനെയൊന്നും കാര്യമാക്കാതെ ഒരു വശത്തൂടെ അങ്ങു ജീവിച്ചു പോവുകയാണ്.

  • സിനിമ കണ്ട് ആളുകളൊക്കെ വിളിക്കുന്നുണ്ടോ?

അതിഗംഭീരമായ ഫീഡ്ബാക്ക് ആണ് കിട്ടുന്നത്. ഞാൻ ആ ഞെട്ടലിലാണ്. സിനിമ കണ്ടവരൊക്കെ വിളിക്കുന്നുണ്ട്, അമ്മാവൻ തകർത്തൂ എന്നു പറയുന്നു. എന്റെ ക്യാരക്റ്റർ മാത്രമല്ല, സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും നല്ല പ്രതികരണമാണ് കിട്ടി കൊണ്ടിരിക്കുന്നത്. സിനിമയും നല്ല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാം കാണുമ്പോൾ സന്തോഷമുണ്ട്,” സുധീഷ് പറയുന്നു.

Sudheesh in 'Theevandi'

ഒരു​ അളിയൻ കാരണം മറ്റൊരു അളിയൻ പെടുന്ന പെടാപാടാണ് ‘തീവണ്ടി’ എന്നു കഥയെ ഒറ്റവാക്കിൽ നിർവ്വചിക്കാം. ‘തീവണ്ടി അളിയനാ’ൽ ജീവിതത്തിൽ തൊന്തരവു പിടിച്ച അളിയനെ രസകരമായി അവതരിപ്പിച്ച സൈജു കുറുപ്പാണ് ‘തീവണ്ടി’യെ റൈറ്റ് ട്രാക്കിലോടിക്കുന്ന മറ്റൊരു ഇന്ധനം.

അഭിനയജീവിതത്തിലെ മൈൽസ്റ്റോൺ: സൈജു കുറുപ്പ്

‘ആട് 2’ വിന്റെ ലൊക്കേഷനിൽ കാലടിയിൽ ഇരിക്കുമ്പോഴാണ് ‘തീവണ്ടി’യിലെ കഥാപാത്രത്തെ കുറിച്ച് ആദ്യം കേൾക്കുന്നത്. ‘തീവണ്ടി’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാറാമിനെ എനിക്ക് പരിചയമുണ്ടായിരുന്നു. പ്രവീൺ ആണ് ആദ്യം ഈ സിനിമയെ കുറിച്ച് പറയുന്നത്. പിന്നീട് പ്രവീണും ഫെല്ലിനിയും കാലടിയിലെ ‘ആട് 2’വിന്റെ ലൊക്കേഷനിൽ വന്നു. എന്റെ കഥാപാത്രത്തെ കുറിച്ചു പറഞ്ഞു.

ഒരുപാട് ഇമോഷൻസിലൂടെ യാത്ര ചെയ്യുന്ന കഥാപാത്രമാണ്. ഈ കഥാപാത്രത്തിന്റെ ഒരു ഇൻട്രോ സീൻ ഉണ്ട്, ചായയിൽ വീഴുന്ന ഈച്ചയെ എടുത്തു കളയുന്ന സീൻ. അതു പറഞ്ഞപ്പോൾ തന്നെ, ആ ക്യാരക്റ്റർ എന്താണ് എന്നൊരു ഐഡിയ കിട്ടി. സത്യത്തിൽ ഒരു റൈറ്ററുടെ ബ്രില്ല്യൻസാണ് അത്. ഒന്നു രണ്ടു ഷോട്ടിൽ ഒരു ക്യാരക്ടറെ എസ്റ്റാബ്ലിഷ് ചെയ്യാൻ കഴിയുക എന്നത് ഒരു കഴിവാണ്. അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

ഈ കഥാപാത്രം ഒരു വില്ലനല്ല, ഒരു ക്യാരിക്കേച്ചർ ആണ്. ഇയാള് ചെയ്യുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകർക്ക് ചിരി വരും, പക്ഷേ അയാൾ ഭയങ്കര സീരിയസ് ആയിട്ടാണ് ചെയ്യുന്നത്. അയാൾക്ക് പൊളിറ്റിക്കൽ പവർ വേണം എന്നാണ് ആഗ്രഹം. ഞാനിതുവരെ ചെയ്യാത്ത ടൈപ്പ് കഥാപാത്രമാണ്, അതും ചലഞ്ചിംഗ് ആയി തോന്നി. അങ്ങനെയാണ് ചിത്രം കമിറ്റ് ചെയ്യുന്നത്.

Image may contain: 1 person, smiling, standing

  • ഈ കഥാപാത്രത്തിനു വേണ്ടി എന്തെങ്കിലും ഹോംവർക്ക് നടത്തിയിരുന്നോ?

ഇത്രയും സിനിമകൾ ചെയ്തതിൽ ‘ഞണ്ടുകളുടെ നാട്ടിൽ ഇടവേള’യിലെ ഡോക്ടർ വേഷം ചെയ്യാൻ മാത്രമാണ് ഞാൻ ഹോം വർക്ക് ചെയ്തത്. ബാക്കിയെല്ലാം സംവിധായകരുടെ നിർദ്ദേശങ്ങൾ കേട്ട് അതുപോലെ ചെയ്യുകയാണ് പതിവ്. ഈ ചിത്രത്തിലും അതെ.

  • പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള പ്രതികരണം​ എങ്ങനെയുണ്ട്?

അതിഗംഭീരമായ ഫീഡ്ബാക്കാണ് കിട്ടുന്നത്. അമേസിങ്! അമേസിങ് എന്ന വാക്കു തന്നെ പറയേണ്ടി വരും. ഇത്​ ആളുകൾക്ക് ഇഷ്ടമാകും എന്നറിയാമായിരുന്നു. എന്നാൽ ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല. ആളുകൾ ടിക്കറ്റ് കിട്ടാതെ തിരിച്ചു പോവുന്നു. അതൊന്നും നമ്മൾ പ്രതീക്ഷിച്ചതല്ല. അതൊക്കെയാണ് പക്ഷേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നല്ലൊരു കഥാപാത്രം കിട്ടുക. അതൊരു ഹിറ്റാവുക അതൊക്കെ ഏതു അഭിനേതാവിനെ സംബന്ധിച്ചും സന്തോഷമുള്ള മുഹൂർത്തങ്ങളാണ്. എന്റെ കരിയറിലെ ഒരു മൈൽ സ്റ്റോണായി തന്നെ ഈ കഥാപാത്രത്തെ ഞാൻ കാണുന്നു. ഒരു​ അഭിനേതാവിന്റെ വളർച്ചയിൽ ഏറെ പ്രസക്തമാണ് ഇത്തരം കഥാപാത്രങ്ങൾ. നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്യാൻ കിട്ടുന്ന അവസരങ്ങളാണ്. ഇത്തരം റോളുകൾ എല്ലായ്പ്പോഴും കിട്ടില്ല.

വിജയിച്ച പടങ്ങൾ മാത്രമല്ല, ബോക്സോഫിൽ അത്രയൊന്നും വിജയം നേടാതെ പോയ ചിത്രങ്ങളാണെങ്കിലും അതിലെ എന്റെ കഥാപാത്രങ്ങൾ എനിക്ക് പാഠപുസ്തകം തന്നെയാണ്. ഓരോ കഥാപാത്രത്തെയും സ്റ്റഡി ചെയ്യാറുണ്ട്. എന്തുകൊണ്ട് ഹിറ്റായി, അല്ലെങ്കിൽ എന്തു കൊണ്ടാവാം ശ്രദ്ധിക്കപ്പെടാതെ പോയതെന്നൊക്കെ ബോധപൂർവ്വമായി തന്നെ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. അഭിനയം മെച്ചപ്പെടുത്താനും ആവർത്തനം ഒഴിവാക്കാനുമൊക്കെ ഈ വിശകലനങ്ങൾ സഹായിക്കാറുമുണ്ട്.

Image may contain: 4 people, people standing and outdoor

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook