ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മറഡോണ മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മറഡോണയുടെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറയുകയാണ് ടൊവിനോ. മറഡോണയെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നതെന്നും ചിത്രം മികച്ച വിജയമാക്കിയ മാറ്റിയ പ്രേക്ഷകരോട് നന്ദി പറയുന്നതായും ഡൊവിനോ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.

പിറന്നാൾ ആഘോഷിക്കുന്ന ദുൽഖർ സൽമാനും ധനുഷിനും ടൊവിനോ ആശംസകൾ നേർന്നു. ”ദുൽഖറിന് ഇന്നലെ രാത്രി തന്നെ പിറന്നാൾ ആശംസ നേർന്നു. മലയാളത്തിൽ എന്റെ രണ്ടാമത്തെ സിനിമ ‘എബിസിഡി’ ദുൽഖറിനൊപ്പമായിരുന്നു. അതിൽ എനിക്ക് വില്ലൻ വേഷമായിരുന്നു. ദുൽഖറിനൊപ്പമുളള ആ സിനിമ നല്ല രാശിയുളളതായിരുന്നു. തമിഴിൽ എന്റെ രണ്ടാമത്തെ സിനിമ ‘മാരി ‘2 ധനുഷിനൊപ്പമാണ്. ഇവർ രണ്ടുപേരുടെയും പിറന്നാൾ ഇന്നാണ്. ‘എന്റെ പ്രിയപ്പെട്ട നായകന്മാർക്ക് പിറന്നാൾ ആശംസകൾ’, ടൊവിനോ ആശംസിച്ചു. ധനുഷിന് തമിഴിൽ പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു ടൊവിനോ.

തന്റെ കരിയറിലെ ഹിറ്റ് ചിത്രമായ മായാനദിയെക്കുറിച്ചും ടൊവിനോ സംസാരിച്ചു. ‘ഞാൻ നായകനാവുന്ന ഒരു സിനിമ 125 ദിവസം തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് ആദ്യമാണ്. അതിൽ ഞാൻ വളരെ സന്തോഷവാനാണ്. മായാനദിയിലെ മാത്തൻ എന്ന കഥാപാത്രം എന്റെ കരിയറിലെ തന്നെ മികച്ച ഒന്നാണ്’.

സിനിമയിലെ വിവാദങ്ങളക്കുറിച്ച് ആരാധകന്റെ ചോദ്യത്തിന് വിവാദങ്ങൾ ഉണ്ടാകുമ്പോൾ അതിന് കാരണക്കാരായ വ്യക്തികളോട് അകൽച്ച തോന്നാം. പക്ഷേ സിനിമയോട് അത് തോന്നരുതെന്നായിരുന്നു ടൊവിനോ പറഞ്ഞത്. ‘സിനിമ ഒരു ആർട് ഫോമാണ്. സിനിമയിലുളള വ്യക്തികൾ എന്തെങ്കിലും ചെയ്യുന്നതിന് സിനിമയോട് വെറുപ്പ് തോന്നരുത്, ടൊവിനോ വ്യക്തമാക്കി.

തന്റെ പുതിയ ചിത്രം തീവണ്ടിയുടെ റിലീസ് ഉടനുണ്ടാവുമെന്നും കൃത്യമായ റിലീസ് തീയതി ഫെയ്സ്ബുക്കിലൂടെ താൻ അറിയിക്കുമെന്നും ടൊവിനോ പറഞ്ഞു. തീവണ്ടിക്കു പുറമേ മലയാളത്തിൽ ഒരു കുപ്രസിദ്ധ പയ്യൻ, തമിഴിൽ മാരി 2 എന്നിവയാണ് ടൊവിനോയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ