‘സിനിമയിലെത്തുമ്പോൾ ആദ്യം മുഖം കാണിച്ചാൽ മതിയെന്നു തോന്നും. പിന്നെയൊരു സംഭാഷണം കിട്ടണമെന്നു തോന്നും. പിന്നെ ശ്രദ്ധിക്കപ്പെടണമെന്നു തോന്നും’ പറയുന്നത് സ്വപ്രയത്നത്തിലൂടെ മലയാള സിനിമയിൽ മുൻനിര നായകന്മാരിലേക്ക് ഉയർന്നുവന്ന ടൊവിനോ തോമസ്. മലയാള മനോരമ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് സിനിമയിലേക്കെത്തിയ വഴികളെക്കുറിച്ചാണ് ടൊവിനോ വ്യക്തമാക്കിയത്.
”ഞാൻ ജോലി രാജിവച്ചു സിനിമയിലേക്കെടുത്തു ചാടിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാൻ കയ്യിൽ പത്തുപൈസ കയ്യിലില്ലാത്ത കാലമുണ്ടായിരുന്നു. വീട്ടിൽനിന്നു ചോദിച്ചാൽ പൈസ കിട്ടും. പക്ഷേ, നമ്മൾ സ്വയം തിരഞ്ഞെടുത്ത പ്രഫഷനാണല്ലോ. അപ്പോൾ ചോദിക്കാൻ മടി. സങ്കടം വരുമ്പോൾ ചിരിച്ചുകൊണ്ടു സെൽഫിയെടുക്കും. അതാണ് അന്നത്തെ ഊർജം” ടൊവിനോ അഭിമുഖത്തിൽ പറയുന്നു.
”മെക്സിക്കൻ അപാരതയുടെ വിജയം സത്യസന്ധമായ സിനിമയുടെ വിജയമായിരുന്നു. എന്നു നിന്റെ മൊയ്തീനുശേഷം ഞാൻ ധാരാളം കഥകൾ കേട്ടിരുന്നു. വേണമെങ്കിൽ കഴിഞ്ഞ വർഷം എനിക്ക് അഞ്ചു സിനിമയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ, ആവേശം കൊളളിക്കുന്ന ഒരു കഥയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. മെക്സിക്കനും ഗോദയും അത് യാഥാർഥ്യമാക്കി”.
‘ഗോദ’ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും ടൊവിനോ വിശദീകരിച്ചു. ”നിങ്ങൾ സിനിമയിൽ കാണുമ്പോൾ ഗുസ്തി സീനിലെ എന്റെ മുഖത്തെ വേദന ശരിക്കും വേദന തന്നെയാണ്. സംസ്ഥാന ചാംപ്യനാണ് എന്റെ കഴുത്തിനു പിടിച്ചു ഞെരിച്ചത്. എനിക്കു കുറച്ചുനേരം ശ്വാസം പോലും കിട്ടിയില്ല. ഗുസ്തിക്കാരന്റേത് സിക്സ്പായ്ക്ക് ശരീരമല്ല. അതൊരു വഴക്കമാണെന്ന് കോളജിൽ പഠിക്കുമ്പോൾ മിസ്റ്റർ യൂണിവേഴ്സിറ്റിയായിരുന്ന ടൊവിനോ പറയുന്നു.