scorecardresearch

Latest News

സംവിധാനം എന്നത് ഒരു സ്വപ്‌നം, ‘തരംഗം’ ഒരുപാട് പ്രതീക്ഷയുളളത്: ടൊവിനോ തോമസ്

ഇതൊരു ബിഗ് ബജറ്റ് ചിത്രമൊന്നുമല്ല. പക്ഷേ സിനിമയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ധനുഷിന്റെ നിര്‍മാണ കമ്പനി ചെയ്തു തന്നിരുന്നു

tovino thomas

ഗോദയിലെ ദാസനും ഒരു മെക്‌സിക്കന്‍ അപാരതയിലെ പോളിനും ശേഷം പപ്പനായിട്ട് മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ് യുവനായകന്‍ ടൊവിനോ തോമസ്. നര്‍മവും ത്രില്ലര്‍ സ്വഭാവവും ചേര്‍ന്നതാണ് ടൊവിനോയുടെ പുതിയ ചിത്രം ‘തരംഗം’. ഡൊമിനിക് അരുണ്‍ എന്ന യുവ സംവിധായകന്റെ ബിഗ് സ്‌ക്രീനിലെ ആദ്യ സംവിധാന സംരംഭം കൂടിയാണ് തരംഗം. പത്മനാഭൻ പിളള എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ടൊവിനോയ്ക്ക് തരംഗം ഏറെ പ്രത്യേകതയുളളതാകുന്നത് ഈ ചിത്രം സൗഹൃദ കൂട്ടായ്മയില്‍ നിന്നു പിറന്നതുകൊണ്ടുകൂടിയാണ്. തമിഴ് നടന്‍ ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തില്‍ ആദ്യമായി ഒരു ചിത്രം നിര്‍മിക്കുന്നു എന്നതും തരംഗത്തെ ശ്രദ്ധേയമാക്കുന്നു. തരംഗത്തിന്റെ വിശേഷങ്ങള്‍ ടൊവിനോ തോമസ് ഐഇ മലയാളത്തോട് പങ്കുവയ്ക്കുന്നു…

ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ രണ്ടു വന്‍ ഹിറ്റുകള്‍ക്കു ശേഷം ഇറങ്ങുന്ന തരംഗത്തിനും പ്രതീക്ഷകള്‍ വാനോളമാണോ ?
തീര്‍ച്ചയായും ഒരുപാട് പ്രതീക്ഷയുളള സിനിമയാണ് തരംഗം. കഥയെക്കാളുപരി അതിന്റെ മേയ്ക്കിങ്ങും കഥ പറയുന്ന രീതിയും സ്‌ക്രിപ്റ്റിങ്ങും എഡിറ്റിങ്ങും എല്ലാം വ്യത്യസ്തമാണ്. തരംഗത്തെ വേറിട്ടു നിര്‍ത്തുക അതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്നേവരെ ആരും കേട്ടിട്ടില്ലാത്ത കഥ പറയുന്നു എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ഇത്തരത്തിലൊരു ചിത്രം പ്രേക്ഷകർ കണ്ടിരിക്കില്ല എന്നുറപ്പുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന, മനസ്സിലാക്കാവുന്ന ഒരു നല്ല ചിത്രമായിരിക്കും തരംഗം.

സംവിധായകന്‍ ഡൊമിനിക് അരുണിന്റെ ആദ്യ ചിത്രത്തില്‍ പങ്കാളിയായപ്പോള്‍ ?
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് സംവിധായകന്‍ ഡൊമിനിക് അരുണുമായി എനിക്ക്. അതുകൊണ്ട് സിനിമയുടെ എല്ലാ തലത്തിലും ഡൊമിനിക്കിന്റെ കൂടെ നില്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. ആ ബന്ധം സിനിമയുടെ കൂടെ നില്‍ക്കാനുളള ഒരു പ്രധാന കാരണവുമായി. മുന്‍പ് ഡൊമിനിക് സംവിധാനം ചെയ്ത മൃത്യുഞ്ജയം എന്ന ഷോര്‍ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. തരംഗത്തിന്റെ ക്രൂവില്‍ പെട്ട കുറേയധികം പേര്‍ ഞങ്ങളുടെ ഈ സുഹൃദ്‌വലയത്തിലുളളവരാണ്.

എനിക്ക് എന്തു കാര്യവും തുറന്നു സംസാരിക്കാന്‍ തക്ക ആത്മബന്ധമുളളവരാണ് എല്ലാവരും. ഡൊമിനിക് അടക്കം ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മിക്കവരും ഒന്നിച്ചാണ് താമസം പോലും. ഞാനും ഇടയ്ക്ക് അവരുടെ അടുത്ത് പോകാറുണ്ട്. അത്രയും ആവേശമാണ് എല്ലാവര്‍ക്കും ഈ ചിത്രമിറങ്ങുമ്പോള്‍. ഡൊമിനിക്കിനെപോലെ ഞങ്ങള്‍ എല്ലാവരുടെയും സ്വപ്‌നമായിരുന്നു ഈ സിനിമ.

tovino thomas
ചിത്രം കടപ്പാട്: ടൊവിനോ തോമസ് ഫെയ്സ്ബുക്ക് പേജ്

പിന്നെ ഇത് പൂര്‍ണമായും ഒരു ഫിലിം മേക്കറുടെ സിനിമയാണ്. ഡൊമിനിക്കാണ് അതിന്റെ നട്ടെല്ല്. ഇതില്‍ എന്തെല്ലാം വേണമെന്നും എങ്ങനെയായിരിക്കണം എല്ലാവരും എന്നെല്ലാമുളള പൂര്‍ണ ബോധ്യം സംവിധായകനുണ്ടായിരുന്നു. ഞാനടക്കമുളള അഭിനേതാക്കള്‍ നന്നായി ചെയ്തിട്ടുണ്ടെങ്കില്‍ അതും ഡൊമിനിക്കിന്റെ കഴിവാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ധനുഷ് എങ്ങനെ ചിത്രത്തിന്റെ ഭാഗമായി ?
സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുകുമാര്‍ തെക്കേപാട്ടാണ് ധനുഷിന്റെ നിര്‍മാണ കമ്പനിയുമായി സംസാരിച്ചത്. കഥയും സ്‌ക്രിപ്റ്റും കേട്ട് ഇഷ്ടപ്പെട്ട ശേഷമാണ് ധനുഷ് നിര്‍മിക്കാം എന്ന് ഉറപ്പുതന്നത്. കൂടാതെ ഈ ചിത്രത്തിന് വണ്ടര്‍ബാര്‍ പോലൊരു വലിയ നിര്‍മാതാവിനെ കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം കൂടുകയായിരുന്നു. അവര്‍ മുന്‍പ് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റുകളായിരുന്നു. അവരുടെ നിലവാരത്തിലേക്ക് സിനിമ എത്തിക്കണം എന്ന ബോധ്യം ഞങ്ങളുടെ ഉത്തരവാദിത്വവും ആത്മവിശ്വാസവും കൂട്ടി.

ഇതൊരു ബിഗ് ബജറ്റ് ചിത്രമൊന്നുമല്ല. പക്ഷേ സിനിമയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ധനുഷിന്റെ നിര്‍മാണ കമ്പനി ചെയ്തു തന്നിരുന്നു. കൊച്ചിയിലായിരുന്നു ഷൂട്ടിങ് മുഴുവന്‍. ഒരു കാര്യത്തിനും കുറവു വരാതെ അവര്‍ ഞങ്ങളെ നന്നായി സപ്പോര്‍ട്ട് ചെയ്തു.

കള്ളന്‍ പവിത്രന്റെ കഥയുമായി സിനിമയ്ക്ക് എത്രത്തോളം സാമ്യമുണ്ട് ?
കള്ളന്‍ പവിത്രന്റെ കഥയുമായി സിനിമയ്ക്ക് ബന്ധമുണ്ട്. അതില്‍ ചില രസകരമായ മുഹൂര്‍ത്തങ്ങളും നര്‍മവും നിറഞ്ഞ ചിത്രമാണ്. ഞാന്‍ എസ്‌ഐ പത്മനാഭന്‍ പിളളയായാണ് ചിത്രത്തിലെത്തുന്നത്. ബാക്കിയെല്ലാം സിനിമ കാണുമ്പോഴുളള സസ്‌പെന്‍സ്!

അഭിയുടെ കഥ അനുവിന്റെയും റിലീസിനൊരുങ്ങുകയാണല്ലോ. ആദ്യമായി തമിഴിലേക്ക് ?
അഭിയുടെ കഥ അനുവിന്റെയും ദ്വിഭാഷാ ചിത്രമാണ്. മലയാളത്തിലും തമിഴിലും ഇറങ്ങുന്നുണ്ട്. എന്റെ ആദ്യ തമിഴ് ചിത്രവുമാണ്. അഭി എന്നു തന്നയാണ് കഥാപാത്രത്തിന്റെ പേര്. റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.

തമിഴിലേക്ക് നിരവധി ഓഫറുകള്‍ വരുന്നുണ്ടോ ?
മാരി 2 എന്ന ചിത്രമാണ് തമിഴില്‍ വരാനിരിക്കുന്നത്. അതില്‍ വില്ലന്‍ കഥാപാത്രമായാണ് അഭിനയിക്കുന്നത്. എനിക്ക് മലയാളം ചിത്രങ്ങള്‍ നിരവധിയുണ്ട്. അതുകൊണ്ട് പെട്ടെന്ന് തമിഴിലേക്ക് മാറാനില്ല. മലയാളത്തിനാണ് പ്രാമുഖ്യം കൊടുക്കുന്നത്. മായാനദി ഡിസംബറില്‍ റിലീസ് ചെയ്യും. മറ്റു ചില മലയാളം ചിത്രങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

സംവിധാനവും നിര്‍മാണവും ഉടന്‍ പ്രതീക്ഷിക്കാമോ ?
സംവിധാനം എന്നത് ഒരു സ്വപ്‌നമാണ്. അതൊരു പ്രതീക്ഷയെക്കാളുപരി സ്വപ്‌നമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഏതെങ്കിലും സമയത്ത് അതെല്ലാം നടക്കുമായിരിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas talking about his new film tharangam