ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിൽ കൊറോണ വീണ്ടും റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർമാതാക്കളുടെ ഈ തീരുമാനം. ആളുകൾ കൂടുന്ന പൊതു ഇടങ്ങളിൽ നിന്നും കൊറോണ പകരാനുള്ള സാധ്യതയുള്ളതിനാൽ കൂട്ടായ്മകളും പൊതുപരിപാടികളും പരമാവധി ഒഴിവാക്കാനാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.അതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നത്.

“COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട് പുതിയ സിനിമ ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സി’ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണ് ഞങ്ങൾക്ക് ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം,” ഫെയ്സ് ബുക്ക് പോസ്റ്റിൽ ടൊവിനോ തോമസ് കുറിക്കുന്നു.

ഒരു ട്രാവൽ മൂവിയാണ് ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’. “ഫീൽ ഗുഡ് ഴോണറിൽ വരുന്ന ചിത്രം. ഒരു കോട്ടയംകാരനും മദാമ്മയും കൂടെ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവരു കാണുന്ന കാഴ്ചകൾ,​ അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്കാരികവും- സാമ്പത്തികവുമായ വ്യത്യാസം അതൊക്കെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രം പറഞ്ഞുപോവുകയാണ്. ജിയോ ചേട്ടന്റെ മുൻപത്തെ ചിത്രങ്ങൾ ‘കുഞ്ഞു ദൈവം’, ‘രണ്ട് പെൺകുട്ടികൾ’- രണ്ടും എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ചിത്രങ്ങളാണ്. വളരെ ഹ്യൂമറസായ, മൂർച്ഛയോടെ കൊള്ളേണ്ടിടത്ത് കൊള്ളുന്ന ചില ഡയലോഗുകളുണ്ട് അതിൽ. അങ്ങനെയുള്ള ചില കാര്യങ്ങൾ ഈ ചിത്രത്തിലുമുണ്ട്,” ചിത്രത്തെ കുറിച്ച് ടൊവിനോ തോമസ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

Read more: ഇമോഷണൽ സിനിമകളുടെ ആരാധകനാണ് ഞാൻ: ടൊവിനോ തോമസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook