ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം ‘കൽക്കി’യുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇൻസ്പെക്ടർ ബൽറാമിൽ നിന്നും പ്രചോദനമുൾകൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. നവാഗതനായ പ്രവീൺ പ്രഭാറാം ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘സെക്കൻഡ് ഷോ’, ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളിൽ സംവിധാനസഹായിയായിരുന്നു പ്രവീൺ പ്രഭാറാം.

ടൊവിനോ തന്നെയാണ് പൂജ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ കഥയെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോ കൂടുതൽ വിശദാംശങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുജിൻ സുജാതനും പ്രവീൺ പ്രഭാറാമും ചേർന്ന് ‘കൽക്കി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതസംവിധാനം ജേക്ക്സ് ബിജോയും നിർവ്വഹിക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ കൃഷ്ണനും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

“‘കൽക്കി’ കുറച്ചു കൂടി കൊമേഴ്സ്യൽ ആസ്‌പെക്റ്റ്സ് ഉള്ള സിനിമയാണ്. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതു കൊണ്ട് എന്റെ കരിയറിൽ ‘കൽക്കി’യും വേണം,” എന്നാണ് ‘കൽക്കി’യെന്ന ചിത്രത്തെ കുറിച്ച് ടൊവിനോ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ആൻഡ് ദി ഓസ്കാർ ഗോസ്റ്റു’, ‘ഉയരെ’, ‘ലൂക്ക’, ‘വൈറസ്’, ‘ലൂസിഫർ’, ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ എന്നു തുടങ്ങി ആറോളം ചിത്രങ്ങളാണ് ടോവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read more: മോനേ ഉണ്ണി മുകുന്ദാ: ടൊവിനോയെ ഞെട്ടിച്ച ആരാധികയുടെ കഥ കാർട്ടൂണായി

ഇതിൽ ‘വൈറസ്’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. പൃഥിരാജ് സംവിധായകനാവുന്ന മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലും നിർണായകമായൊരു കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുന്നുണ്ട്. ‘ലൂസിഫർ’ മാർച്ച് അവസാന ആഴ്ചയിൽ റിലീസിനൊരുങ്ങുകയാണ്. നവാഗതനായ അരുൺ ബോസിന്റെ ‘ലൂക്ക’യാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. ‘ലൂക്ക’യുടെ സെറ്റിൽ നിന്നുമാണ് ടൊവിനോ ‘കൽക്കി’യുടെ ലൊക്കേഷനിലെത്തിയത്. റൊമാന്റിക് എന്റർടെയിനറായ ‘ലൂക്ക’യിൽ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയാവുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook