മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ കണ്ട സന്തോഷം പങ്കുവച്ച് ടൊവിനോ തോമസ്. ധോണിയോട് തനിക്കുള്ള ആരാധനയെ കുറിച്ചും ടൊവിനോ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.
“ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിച്ചത് മികച്ചൊരു അനുഭവമായിരുന്നു. നമ്മൾ ഓൺസ്ക്രീനിൽ കണ്ട അതേ വ്യക്തിത്വം തന്നെ, വളരെ കൂളായ പക്വതയുള്ള വ്യക്തി. ഞങ്ങൾ മികച്ച സംഭാഷണങ്ങൾ നടത്തി. ഈ അവസരം ലഭിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. എല്ലാവർക്കും ഒരു വലിയ മാതൃകയാണ് അദ്ദേഹം. നിങ്ങളുടെ ശോഭനമായ യാത്രയ്ക്ക് കൂടുതൽ മിഴിവുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു’ ധോണിയ്ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്ത് ടൊവിനോ കുറിച്ചു.
ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളാണ് അണിയറയിൽ ടൊവിനോയുടേതായി ഒരുങ്ങുന്നത്. അടുത്തിടെ ‘അദൃശ്യ ജാലകങ്ങൾ’ എന്ന ചിത്രത്തിലെ തന്റെ ലുക്ക് ടൊവിനോ ആരാധകരുമായി പങ്കിട്ടിരുന്നു. ഡോ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പേരില്ലാത്ത കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
സനൽ കുമാർ ശശിധരന്റെ സൈക്കോളജിക്കൽ ത്രില്ലറായ ‘വഴക്ക്’, സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രങ്ങൾ.