ടൊവിനോ സൂപ്പർ ഹീറോയായി എത്തിയ ‘മിന്നൽ മുരളി’ എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് തുടർഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചന നൽകിയാണ് സംവിധായകൻ ബേസിൽ ജോസഫ് ‘മിന്നൽ മുരളി’യുടെ ക്ലൈമാക്സ് ഒരുക്കിയത്.
Read more: മിന്നൽ മുരളിയ്ക്കിത്ര ഗ്ലാമർ വേണ്ട, മണ്ണിലിട്ടൊന്നുരുട്ടിയെടുത്തേക്ക്; സഹായികളോട് ബേസിൽ
ഇപ്പോഴിതാ, ‘മിന്നൽ മുരളി’ യ്ക്ക് ഭാഗമുണ്ടാകുമെന്ന സൂചനയാണ് ടൊവിനോയും തരുന്നത്. ‘പറക്കാൻ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി,’ എന്ന ക്യാപ്ഷനോടെ ഒരു വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. വർക്കൗട്ടിനിടെ വായുവിലേക്ക് ഉയർന്നു കുതിക്കുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക.
മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്, സ്നേഹ ബാബു, ഫെമിന ജോർജ് തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read more: Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ